ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബംഗ്ലാദേശിനെ ഏകദിനത്തില്‍ തോല്‍പിച്ചുകൊണ്ട് സിംബാബ്‌വേ. മൂന്ന് മത്സരമുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സിംബാബ്‌വേ മികച്ച വിജയം കരസ്ഥമാക്കിയത്.
ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ പത്ത് പന്ത് ബാക്കി നില്‍ക്കെ മത്സരം വിജയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റിനാണ് സിംബാബ്‌വേ വിജയിച്ചത്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ചെയ്‌സിങ്ങാണിത്.
ചെയ്‌സിങ് ആരംഭിച്ച സിംബാബ്‌വേക്ക് ആദ്യ രണ്ട് ഓവറില്‍ തന്നെ ഇരട്ടപ്രഹരമേറ്റിരുന്നു. രണ്ട് ഓവറില്‍ ഇരു ഓപ്പണര്‍മാരെയും നഷ്ടമായ സിംബാബ്‌വേ 62/3 എന്ന നിലയിലായിരുന്നു. പിന്നീട് മത്സരത്തിന്റെ ഗതി തന്നെ മാറുകയായിരുന്നു.
ഇന്നസെന്റ് കായയും (Innocent Kaia), സികന്ദര്‍ റാസയും ചേര്‍ന്ന് സിംബാബ്‌വേയുടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയായിരുന്നു. സികന്ദര്‍ 109 പന്ത് നേരിട്ട് 135 റണ്‍സ് നേടി കൗണ്ടര്‍ അറ്റാക്ക് ചെയ്ത് കളിച്ചപ്പോള്‍. മറുവശത്ത് 122 പന്ത് നേരിട്ട് 110 റണ്‍സുമായി ഇന്നസെന്റ് നങ്കൂരമിട്ട് കളിച്ചു. 62 റണ്‍സില്‍ ഒന്നിച്ച് ഇരുവരും 254 റണ്‍സിലെത്തിയപ്പോഴായിരുന്നു പിരിഞ്ഞത്.
അഞ്ചാമനായി ക്രീസിലെത്തിയ റാസ 135 റണ്‍സ് നേടിയപ്പോള്‍ കൂടെ പോന്നത് മികച്ച റെക്കോഡുകളാണ്. 135 റണ്‍സിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറുകളും ആറ് സിക്‌സും ഉണ്ടായിരുന്നു. ഈ ഇന്നിങ്‌സിലൂടെ ഏകദിനത്തില്‍ പുതിയ റെക്കോഡാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ യൂസുഫ് പത്താന്‍ ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളാക്കിയ നായകന്‍ ഇയോന്‍ മോര്‍ഗന്‍ എന്നിവരടങ്ങിയ ലിസ്റ്റിലാണ് അദ്ദേഹം ഒന്നാമതെത്തിയത്.
ഒരു ഏകദിന ചെയ്‌സില്‍ അഞ്ചാമതോ അതിന് താഴെയോ ക്രീസിലെത്തിയതിന് ശേഷം ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡാണ് അദ്ദേഹം സ്വന്തമാക്കിയത്. രണ്ടാമതുള്ളത് കഴിഞ്ഞ മാസം അയര്‍ലന്‍ഡിനെ തകര്‍ത്ത ന്യൂസിലാന്‍ഡ് ബാറ്റര്‍ മൈക്കല്‍ ബ്രെയിസ്‌വെല്ലിന്റെ 127 റണ്‍സാണ്.
അയര്‍ലന്‍ഡിനെതിരെ 2013ല്‍ നേടിയ 124 റണ്‍സുമായി മോര്‍ഗന്‍ മൂന്നാമതാണ്. നാലാമതായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരമായ റിക്കാര്‍ഡോ പവലാണ് . 1999ല്‍ ഇന്ത്യക്കെതിരെ നേടിയ 124 റണ്‍സാണ് അദ്ദേഹത്തെ നാലാമത് എത്തിച്ചത്.
ഈ ലിസ്റ്റില്‍ അഞ്ചാമതാണ് മുന്‍ ഇന്ത്യന്‍ ബാറ്ററായ യൂസുഫ് പത്താനുള്ളത്. ന്യൂസിലാന്‍ഡിനെതിരെ 2010ല്‍ നേടിയ 123 റണ്‍സാണ് അദ്ദേഹത്തെ അഞ്ചാമതെത്തിച്ചത്.
Content Highlights: Sikandar Raza created a New record in Odi Cricket