ഇന്ത്യ-സിംബാബ്‌വേ പരമ്പരക്ക് ഇനി അധിക നാളുകളില്ല. മൂന്ന് ഏകദിന മത്സരത്തിനാണ് ഇന്ത്യന്‍ ടീം സിംബാബ്‌വേയില്‍ എത്തുന്നത്. സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി ജസ്പ്രീത് ബുംറ എന്നിവരില്ലാതെയാണ് ഇന്ത്യ സിംബാബ്‌വേക്കെതിരെ ഇറങ്ങുന്നത്.
പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിംബാബ്‌വേയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായ സികന്ദര്‍ റാസ. ഈയിടെ അവസാനിച്ച ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം സിംബാബ്‌വേക്കായി കാഴ്ചവെച്ചത് .
ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം അനലൈസ് ചെയ്യുമെന്നും അതനുസരിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കുമുള്ള പ്ലാന്‍ തയ്യാറാക്കുമെന്നും റാസ പറഞ്ഞു. ഇന്ത്യന്‍ ബൗളിങ് അറ്റാക്ക് വളരെ ക്വാളിറ്റിയുള്ളതാണെന്നും അതിനനസുരിച്ച് ബുദ്ധിപരമായി ബാറ്റ് ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ പറ്റുമെന്നും റാസ പ്രതീക്ഷിക്കുന്നു.
‘വളരെ ക്വാളിറ്റിയുള്ള ബൗളിങ് നിരയാണ് ഇന്ത്യന്‍ ടീമിന്റേത്. അതുകൊണ്ട് അവര്‍ക്കെതിരെ സമര്‍ത്ഥമായി ബാറ്റ് ചെയ്യേണ്ടി വരും. മത്സരത്തില്‍ ഇന്ത്യയെ മറികടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു അതിലാണല്ലോ എല്ലാ കാര്യവും,’ റാസ പറഞ്ഞു.
മെന്‍ ഇന്‍ ബ്ലൂക്കെതിരായ പര്യടനത്തെക്കുറിച്ച് വളരെ പ്രതീക്ഷയിലാണ് സികന്ദര്‍ റാസ. ബംഗ്ലാദേശിനെ തോല്‍പിച്ചതിന്റെ കോണ്‍ഫിഡന്‍സിലാണ് ടീം ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നതെന്നാണ് അദ്ദേഹം പറയുന്നത്. എന്റര്‍ടൈന്‍മെന്റ് നിറഞ്ഞ മികച്ച പരമ്പരയായിക്കും ഇന്ത്യക്കെതിരെയുള്ളതെന്നും അദ്ദേഹം പറയുന്നു.
‘പരമ്പരയില്‍ മികച്ച പ്രകടനം നടത്താനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ അടുത്തിടെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. ഇത് മികച്ച ക്വാളിറ്റിയുള്ള മത്സരങ്ങളുള്ള രസകരമായ ഒരു പരമ്പരയായിരിക്കും. ഞങ്ങള്‍ എങ്ങനെ കളിക്കുമന്ന് കണ്ട് തന്നെ അറിയാം,’ റാസ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനമായിരുന്നു റാസ കാഴ്ചവെച്ചത്. മൂന്ന് മത്സര പരമ്പരയില്‍ 252 റണ്‍സും അഞ്ച് വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.