| Sunday, 6th November 2022, 9:52 pm

കോഹ്‌ലിയല്ല സൂര്യകുമാറല്ല ബാബറല്ല റിസ്വാനുമല്ല, ഈ നേട്ടത്തിന് ഒരേ ഒരു അവകാശി; തലയുയര്‍ത്തി സിക്കന്ദര്‍ റാസ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പ് 2022ലെ തങ്ങളുടെ അവസാന മത്സരവും കളിച്ച് സിംബാബ്‌വേ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടാണ് സിംബാബ്‌വേ 2022 ലോകകപ്പിനോട് വിട പറയുന്നത്.

സിംബാബ്‌വേയെ സംബന്ധിച്ച് ഇത് ഒട്ടും എളുപ്പമുള്ള യാത്രയായിരുന്നില്ല. ഓസ്‌ട്രേലിയന്‍ മണ്ണിലെത്തും മുമ്പ് ഒരു യോഗ്യതാ മത്സരം വിജയിച്ച്, സൂപ്പര്‍ 12ല്‍ കയറിപ്പറ്റാന്‍ വീണ്ടും യോഗ്യത തെളിയിച്ചതിനെല്ലാം ശേഷം മാത്രമാണ് അവര്‍ക്ക് വമ്പന്‍ ടീമുകളോട് ഏറ്റുമുട്ടാന്‍ സാധിച്ചത്.

2022 ലോകകപ്പ് അടയാളപ്പെടുത്തുക നിരവധി അട്ടിമറികളുടെ ഭാഗമായിട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെ അട്ടിമറിച്ചാണ് ഷെവ്‌റോണ്‍സ് ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ സ്ഥാനം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചത്. പാകിസ്ഥാനെ തോല്‍പിച്ച ശേഷം ഗോത്ര താളത്തിലുള്ള അവരുടെ വിജയാഘോഷം ലോകകപ്പിലെ ഐക്കോണിക് മൊമെന്റുകളില്‍ ഒന്നുതന്നെയാണ്.

തോല്‍വിയിലും തലയുയര്‍ത്തി തന്നെയാണ് സിംബാബ്‌വേ മടങ്ങുന്നത്. നിരവധി ഷെവ്‌റോണ്‍സ് താരങ്ങളുടെ മികച്ച പ്രകടനത്തിനാണ് അഡ്‌ലെയ്ഡും പെര്‍ത്തും മെല്‍ബണുമെല്ലാം സാക്ഷ്യം വഹിച്ചത്. ആന്‍ഡി ഫ്‌ളവറിന്റെയും ഹെന്റി ഒലാങ്കോയുടെയും എല്‍ട്ടണ്‍ ചിഗുംബുറയുടെയുമെല്ലാം പിന്മുറക്കാര്‍ വിജയവും നേട്ടങ്ങളുമായി ഈ ലോകകപ്പിനോട് ഗുഡ് ബൈ പറയുകയാണ്.

സൂപ്പര്‍ താരം സിക്കന്ദര്‍ റാസുടെ ഒരു വേള്‍ഡ് റെക്കോഡാണ് ഇക്കൂട്ടത്തില്‍ ഏറെ മികച്ചുനില്‍ക്കുന്നത്. ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഈയൊരു നേട്ടം ഒരു ക്രിക്കറ്റര്‍ കൈവരിക്കുന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ റാസ അത്യപൂര്‍വമായ ഒരു റെക്കോഡാണ് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ 500+ റണ്‍സും 25+ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് റാസയെ തേടിയെത്തിയിരിക്കുന്നത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 500 റണ്‍സ് എന്ന കടമ്പ താരം നേരത്തെ തന്നെ കടന്നിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ 24 പന്തില്‍ നിന്നും 34 റണ്‍സ് നേടിയതോടെ 735 റണ്‍സാണ് ഈ വര്‍ഷം താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

24 മത്സരത്തിലെ 23 ഇന്നിങ്‌സുകളില്‍ നിന്നുമായി 35 ശരാശരിയിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്നത്തെ മത്സരത്തില്‍ വിക്കറ്റും നേടിയതോടെയാണ് താരം വിക്കറ്റ് നേട്ടത്തിന്റെ കടമ്പയും പൂര്‍ത്തിയാക്കിയത്. 17.68 ശരാശരിയില്‍ 6.13 എക്കോണമിയിലാണ് താരം വിക്കറ്റുകള്‍ കൊയ്തത്.

ഐ.സി.സി ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ് റാസ സ്ഥാനം പിടിച്ചിരിക്കുന്നത്.

Content Highlight:  Sikandar Raza becomes the first ever player to hit 500+ runs and take 25+ wickets in a calendar year in T20Is

We use cookies to give you the best possible experience. Learn more