| Thursday, 30th November 2023, 7:29 pm

തോറ്റുപോയെങ്കിലും ആശ്വാസമായി നീയില്ലേ... ചരിത്രം കുറിച്ച് റാസ, വിരാടിനെയും മറികടന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ സിംബാബ്‌വേ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ കെനിയയോട് കൂറ്റന്‍ വിജയം നേടിയെങ്കിലും ലോകകപ്പിന് യോഗ്യത നേടാന്‍ ആന്‍ഡി ഫ്‌ളവറിന്റെയും ഹീത് സ്ട്രീക്കിന്റെയും പിന്‍മുറക്കാര്‍ക്കായില്ല.

യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഷെവ്‌റോണ്‍സ് നേടിയത്. അതിന് കാരണക്കാരനായതാകട്ടെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും.

യുണൈറ്റഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ സിക്കന്ദര്‍ റാസയുടെയും സീന്‍ വില്യംസിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി.

ഓപ്പണറുടെ റോളിലെത്തിയ റാസ 48 പന്തില്‍ നിന്നും എട്ട് സിക്‌സറിന്റെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെ 82 റണ്‍സാണ് നേടിയത്. 26 പന്തില്‍ നിന്നും നാല് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സാണ് സീന്‍ വില്യംസ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയക്ക് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ കോളിന്‍സ് ഒബുയയെ പൂജ്യത്തിനാണ് കെനിയക്ക് നഷ്ടപ്പെട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സായപ്പോഴേക്കും അടുത്ത വിക്കറ്റും വീണു. 13 പന്തില്‍ 15 റണ്‍സ് നേടിയ സുഖ്ദീപ് സിങ്ങാണ് പുറത്തായത്.

മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ സ്‌കോര്‍ ഉയര്‍ത്താനോ റാസയും സംഘവും അനുവദിക്കാതിരുന്നതോടെ കെനിയ 20 ഓവറില്‍ 107ന് എട്ട് എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി.

സിംബാബ്‌വേക്കായി സീന്‍ വില്യംസ്, റയാന്‍ ബേള്‍, റിച്ചാര്‍ഡ് എന്‍ഗരാവ, ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ പുലര്‍ത്തിയ ഓള്‍ റൗണ്ട് മികവിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും റാസയെ തന്നെയായിരുന്നു.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും റാസയെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ആദ്യ സിംബാബ്‌വന്‍ താരം എന്ന നേട്ടമാണ് റാസയെ തേടിയെത്തിയത്.

തൊട്ടുമുമ്പേ നൈജീരിയക്കെതിരെയും റുവാണ്ടക്കെതിരെയും താരം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരുന്നു. നൈജീരിയക്കെതിരെ ബാറ്റിങ്ങില്‍ 65 റണ്‍സ് നേടുകയും ബൗളിങ്ങില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടുകയും ചെയ്തതോടെയാണ് റാസ മത്സരത്തിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

റുവാണ്ടക്കെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയാണ് റാസ ഈ സ്ട്രീക് ആരംഭിച്ചത്. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ഈ മൂന്ന് പ്ലെയര്‍ ഓഫ് ദി മാച്ചിലെ ആദ്യ പുരസ്‌കാരം റാസ നേടിയത്. ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടിയ റാസ 2.4 ഓവറില്‍ 3 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

ഇതിന് പുറമെ നേരത്തെ ടാന്‍സാനിയക്കെതിരെ നടന്ന മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് റാസ തന്നെയായിരുന്നു. ടൂര്‍ണമെന്റില്‍ സിംബാബ്‌വേ പരാജയപ്പെട്ട മത്സരത്തില്‍ മാത്രമാണ് താരത്തിന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ സാധിക്കാതെ പോയത്. ഈ മത്സരങ്ങളിലാകട്ടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനും റാസക്കായി.

2023ലെ എട്ടാം  പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരമാണ് കെനിയക്കെതിരായ മത്സരത്തില്‍ റാസ സ്വന്തമാക്കിയത്. ഈ വര്‍ഷം ഏറ്റവുമധികം പുരസ്‌കാരം നേടിയതും റാസ തന്നെ. രണ്ടാമതുള്ള വിരാട് കോഹ്‌ലിക്ക് ആറ് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണുള്ളത്.

Content highlight: Sikandar Raza becomes first player to win 3 consecutive Player of the match award in T20

We use cookies to give you the best possible experience. Learn more