അയര്‍ലന്‍ഡിനെതിരായ ടി ട്വന്റി ഐ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
എന്നാല്‍ പരമ്പരയിലെ അടുത്ത രണ്ട് മത്സരത്തില്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും റാസ മികച്ച സംഭാവനകള്‍ സിംബാബ്‌വെക്ക് നല്‍കി മത്സരത്തിലെ അവസാന രണ്ടു പന്ത് ബാക്കിനില്‍ക്കെ ആവേശകരമായ വിജയത്തിലും എത്തിച്ചിരുന്നു. എന്നാല്‍ മത്സരത്തിനിടയിലെ അദ്ദേഹത്തിന്റെ അക്രമണാത്മക പ്രവര്‍ത്തനങ്ങളും പ്രകടനങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) അച്ചടക്ക നടപടിക്ക് കാരണമായിരിക്കുകയാണ്.
റാസയുടെ പെരുമാറ്റം കാരണം ലെവല്‍ വണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഐ.സി.സി റാസയെ ശാസിച്ചിരിക്കുകയാണ്. ഈ ലംഘനം കാരണം പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടി ട്വന്റി ഐ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റാസക്ക് വിലക്ക് നേരിടേണ്ടിവരും. ഇത് സിംബാബ്‌വെക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയിലും ഓള്‍റൗണ്ടര്‍ എന്ന നിലയിലും ടീമിന്റെ നെടുംതൂണ്‍ ആണ് റാസ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അയര്‍ലാന്‍ഡിനെതിരെ ഇനിയുള്ള മത്സരങ്ങള്‍ വലിയ വെല്ലുവിളിയാണെന്ന് ഉറപ്പിക്കാം.
ഹരാരയില്‍ നടന്ന ആവേശകരമായ ആദ്യ മത്സരത്തില്‍ റാസ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ഫീല്‍ഡിലെ അദ്ദേഹത്തിന്റെ പെരുമാറ്റം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസക്ക് മാത്രമല്ല അച്ചടക്ക നടപടി നേരിടേണ്ടിവന്നത്. ഐറിഷ് താരമായ കാര്‍ഡിസ് കംഫര്‍, ജോഷ് ലിറ്റില്‍ എന്നിവര്‍ക്ക് പിഴ ലഭിച്ചതായും ഐ.സി.സിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
റാസക്ക് മാച്ച് ഫീ യുടെ 50% പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റും ലഭിച്ചു. ഇത് സസ്‌പെന്‍ഷനില്‍ കലാശിക്കുകയായിരുന്നു. കാംഫറിനും ലിറ്റിലിനും മാച്ച് ഫീയുടെ 15% തുല്യമായ പിഴയും ഒരു ഡീമെറിറ്റ് പോയിന്റ് വീതവും ലഭിച്ചു. മത്സരത്തിനിടെ റാസ ഇരുവര്‍ക്കും നേരെ ആക്രമണ രീതിയില്‍ പ്രകടനം നടത്തിയിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ച അമ്പയറുടെ അടുത്ത് തന്റെ ബാറ്റ് ചൂണ്ടിക്കാണിച്ചതും അടുത്ത് നിന്ന് പൊട്ടിത്തെറിച്ചതും ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. റാസക്കെതിരെ ആക്രമണ പ്രകടനം നടത്തിയ കാംഫറിനെതിരെയും ലിറ്റിലിനെതിരെയും അതേസമയം കേസെടുത്തു.
ഡിസംബര്‍ 10ന് ആണ് സിംബാബ്‌വെ അയര്‍ലന്‍ഡും തമ്മിലുള്ള അടുത്ത മത്സരം.
Content Highlight: Sikandar Raza banned by ICC