| Sunday, 23rd February 2025, 10:16 am

ആദ്യത്തെ മൂന്ന് ദിവസം നോര്‍ത്തിലും എമ്പുരാന്‍ സേഫ്, വഴിമാറിക്കൊടുത്ത് സല്‍മാന്‍ ഖാന്‍ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങി വന്‍ വിജയമായി മാറിയ ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ടീസറും പോസ്റ്ററുകളും നല്‍കിയ സൂചന. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളോടൊപ്പം പുതിയ ചില കഥാപാത്രങ്ങളും എമ്പുരാനിലെത്തുന്നുണ്ട്.

പാന്‍ ഇന്ത്യന്‍ റിലീസായെത്തുന്ന ചിത്രത്തിന് കേരളത്തില്‍ എതിരാളികളില്ല. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് റിലീസ് ചെയ്യുന്ന ചിത്രത്തിന് കേരളത്തില്‍ സോളോ റിലീസായാണ് എത്തുന്നത്. കേരളത്തിലെ 90 ശതമാനും തിയേറ്ററുകളിലും ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഭാഷകളിലെ വിതരണക്കാരെക്കുറിച്ച് ഇതുവരെ അനൗണ്‍സ്‌മെന്റൊന്നും വന്നിട്ടില്ല.

എമ്പുരാന്‍ റിലീസ് ചെയ്യുന്ന അതേദിവസം തമിഴിലും ഹിന്ദിയിലും ക്ലാഷ് ഉണ്ടെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. തമിഴില്‍ വിക്രം നായകനായ വീര ധീര സൂരന്‍ റിലീസാകുമ്പോള്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാന്റെ ബിഗ് ബജറ്റ് ചിത്രം സിക്കന്ദറും ക്ലാഷിനുണ്ടെന്നായിരുന്നു ആദ്യം മുതല്‍ കേട്ടിരുന്നത്. കേരളത്തിന് പുറത്ത് ചിത്രത്തിന്റെ കളക്ഷനെ ഇത് വലിയ രീതിയില്‍ ബാധിക്കുമെന്ന് പലരും അനുമാനിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിക്കന്ദറിന്റെ റിലീസ് മാറ്റിവെച്ചെന്നാണ് അറിയാന്‍ കഴിയുന്നത്. മാര്‍ച്ച് 27ല്‍ നിന്ന് 30ലേക്കാണ് സിക്കന്ദറിന്റെ റിലീസ് മാറ്റിയത്. ഇതോടെ നോര്‍ത്ത് ബെല്‍റ്റിലും ഓവര്‍സീസിലും ആദ്യത്തെ മൂന്ന് ദിവസം എമ്പുരാന് ഫ്രീ റണ്‍ ലഭിക്കുമെന്ന് ഉറപ്പായി. ചിത്രത്തിന്റെ വീക്കെന്‍ഡ് കളക്ഷനും ഇത് വലിയ രീതിയില്‍ സഹായകരമാകും.

ജി.സി.സി രാജ്യങ്ങളില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള വലിയ അവധി രണ്ട് ചിത്രങ്ങള്‍ക്കും ഗുണം ചെയ്യും. എന്നാല്‍ ഈ രണ്ട് സിനിമകളുടെ ക്ലാഷില്‍ ആര് വിജയിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളിലും റിലീസ് ചെയ്യുന്ന എമ്പുരാന്‍ ലിയോ കേരളത്തില്‍ നിന്ന് നേടിയ ഫസ്റ്റ് ഡേ കളക്ഷന്‍ തകര്‍ക്കുമെന്നാണ് അനുമാനിക്കുന്നത്.

അതേസമയം, നഷ്ടപ്പെട്ട ബോക്‌സ് ഓഫീസ് പവര്‍ തിരികെ പിടിക്കാനാണ് സല്‍മാന്‍ ഖാന്‍ ലക്ഷ്യമിടുന്നത്. അടുത്ത കാലത്തായി താരത്തിന്റെ പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയിരുന്നില്ല. ഇത് മറികടക്കാനാണ് സിക്കന്ദറിലൂടെ സല്‍മാന്‍ ഖാന്‍ ശ്രമിക്കുന്നത്. എ.ആര്‍. മുരുകദോസാണ് സിക്കന്ദറിന്റെ സംവിധായകന്‍. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തില്‍ സത്യരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Sikandar movie changed its released date to March end

We use cookies to give you the best possible experience. Learn more