മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് സിജു വില്‍സണ്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. സിജുവിന്റെ മൂന്നാമത്തെ സിനിമയായിരുന്നു 2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നേരം. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സിജു വില്‍സണ്‍.
‘നേരം എന്ന സിനിമ കരിയറില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഞങ്ങളുടെയെല്ലാം നേരം മാറ്റിയ സിനിമയായിരുന്നു ഇത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ഒരുപാട് നാളായി സിനിമ സ്വപ്‌നം കണ്ടു നടക്കുകയായിരുന്നു. നിവിന്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് തൊട്ട് പോപ്പുലറായി അല്ലെങ്കില്‍ സിനിമയില്‍ സജീവമായി തുടങ്ങിയിരുന്നു. അപ്പോഴും ഞങ്ങള്‍ നിവിന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ഒത്തുകൂടുമായിരുന്നു.
അതിനിടയില്‍ അല്‍ഫോണ്‍സിന് ഒരു സിനിമ ചെയ്യാനുള്ള അവസരം വരികയായിരുന്നു. അതില്‍ സുഹൃത്തുക്കള്‍ എല്ലാവരും ഒന്നിച്ചു. ആ സമയത്ത് ഞങ്ങള്‍ വെറുതെ ഇരിക്കുകയല്ലായിരുന്നു. ഒരു സിനിമ വരട്ടെ നോക്കാമെന്ന ചിന്തയിലും ആയിരുന്നില്ല. ആ സമയം ഓഡിഷനുകളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിക്കുന്നുണ്ടായിരുന്നു. ചാന്‍സിനായി പല രീതിയില്‍ ശ്രമങ്ങള്‍ ചെയ്തിരുന്നു. അല്‍ഫോണ്‍സിന് ഒരു അവസരം കിട്ടിയപ്പോള്‍ എല്ലാവരും അതില്‍ ജോയിന്‍ ചെയ്തു. ഞാന്‍ ഈ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടെയായിരുന്നു.
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ലാസ്റ്റ് ബെഞ്ച് തുടങ്ങിയ സിനിമകളൊക്കെ ചെയ്‌തെങ്കിലും ഞാന്‍ അതിലൊക്കെ ഷൂട്ടിന്റെ അന്ന് പോയി രണ്ട് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരികയാണ് ചെയ്യുക. അതല്ലാതെ ഒരു സിനിമയില്‍ പൂര്‍ണമായും നില്‍ക്കാന്‍ സാധിച്ചിട്ടില്ല. നേരം എന്ന സിനിമ അത്തരം ഒരു എക്‌സ്പീരിയന്‍സാണ് നല്‍കിയത്. ആ സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ ഉണ്ടായിരുന്നു. ഒരു സിനിമ ഉണ്ടാകുന്നത് എങ്ങനെയാണെന്നും അതിന്റെ പ്രോസസ് എന്താണെന്നും എനിക്ക് മനസിലായി,’ സിജു വില്‍സണ്‍ പറഞ്ഞു.
Content Highlight: Siju Wilson Talks About Neram Movie