മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് സിജു വില്‍സണ്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം അഞ്ച് സുഹൃത്തുക്കളുടെ കഥയായിരുന്നു പറഞ്ഞത്.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ കാസ്റ്റിങ്ങിനായി നടത്തിയ ടാലന്റ് ഹണ്ടില്‍ പങ്കെടുത്ത സിജു വില്‍സണ്‍ ചിത്രത്തില്‍ വളരെ ചെറിയ വേഷമായിരുന്നു ചെയ്തത്. ഈ സിനിമ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് സിജു. തനിക്ക് അഭിനയത്തില്‍ ഒരു ബേസ് നല്‍കിയത് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബാണെന്നും താരം പറയുന്നു.
ഏറ്റവും പുതിയ ചിത്രമായ പുഷ്പക വിമാനത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു സിജു വില്‍സണ്‍. മലര്‍വാടിയില്‍ താന്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആയിട്ടാണ് അഭിനയിച്ചതെന്നും രണ്ട് ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും താരം പറഞ്ഞു. എന്നിട്ടും മോഹന്‍ലാലിന്റെ പേര് പറയുമ്പോള്‍ തിയേറ്ററില്‍ കൈയ്യടിയായിരുന്നുവെന്നും സിജു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമ എന്നെ ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. എനിക്ക് അഭിനയത്തില്‍ ഒരു ബേസ് ഉണ്ടാക്കി തന്നത് ആ സിനിമയാണ്. ഞാന്‍ അതില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആയിട്ടാണ് അഭിനയിച്ചത്. അതിന് ഒരുപാട് കൈയ്യടികളും എനിക്ക് കിട്ടിയിരുന്നു. രണ്ട് ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ലാലേട്ടന്റെ പേര് പറയുമ്പോള്‍ തിയേറ്ററില്‍ കൈയ്യടിയായിരുന്നു. എന്റെ സീനിന് അല്ലെങ്കില്‍ സ്‌ക്രീന്‍ പ്രസന്‍സിന് കിട്ടുന്ന കൈയ്യടിയായിരുന്നു അത്. അതില്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു,’ സിജു വില്‍സണ്‍ പറഞ്ഞു.
Content Highlight: Siju Wilson Talks About Malarvaadi Arts Club Movie