മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ താരമാണ് സിജു വില്‍സണ്‍. ഒരു രംഗത്തില്‍ മാത്രമാണ് സിജു വന്നതെങ്കിലും അത് തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു. പിന്നീട് അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിലെ വേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
അല്‍ഫോണ്‍സ്, നിവിന്‍ പോളി എന്നിവരുള്‍പ്പെടുന്ന, സിനിമ സ്വപ്‌നം കണ്ട് ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതാണ് സിജുവും. അല്‍ഫോണ്‍സിലൂടെയാണ് തങ്ങള്‍ക്ക് സിനിമയോടുള്ള ആഗ്രഹം വര്‍ധിച്ചതെന്ന് സിജു വില്‍സണ്‍ പറയുന്നു. നിവിന്‍ പോളി, ഷറഫുദ്ദീന്‍, കൃഷ്ണ ശങ്കര്‍ എന്നിവരുള്‍പ്പെട്ട സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രം ‘ഫ്രണ്ട്‌സ് മൈ**മാര്‍’ എന്ന ക്യാപ്ഷനോട് കൂടി താരം പോസ്റ്റ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഫോട്ടോയെ പറ്റിയും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിജു വില്‍സണ്‍ പറഞ്ഞു.
‘നേരത്തില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി കൂടി വര്‍ക്ക് ചെയ്തിട്ടുണ്ട്. അതില്‍ സിനിമ എനിക്ക് കുറച്ച് കൂടി എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റി. മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബില്‍ ഷൂട്ട് ഉള്ള ദിവസം വിളിക്കും, കഴിയുമ്പോള്‍ വിടും. അന്ന് സിനിമയുടെ മുഴുവന്‍ പരിപാടികളൊന്നും എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റിയിട്ടില്ല.
നേരത്തില്‍ നിന്നാണ് ആ ഒരു എക്‌സ്പീരിയന്‍സ് കിട്ടുന്നത്. എത്രത്തോളം കഷ്ടപ്പാടും പരിശ്രമവും കൊണ്ടാണ് ഒരു സിനിമ എടുക്കുന്നതെന്ന് ആ സിനിമയിലൂടെയാണ് മനസിലായത്. ഇങ്ങനെ കിട്ടുന്ന ഒരു ഓപ്പര്‍ച്യൂണിറ്റിയെ സീരിയസായി അപ്രോച്ച് ചെയ്ത് ജനുവിനായി അതിന് വേണ്ടി പ്രയത്‌നിക്കണമെന്ന് മനസിലാക്കിയത് നേരത്തിലൂടെയാണ്.
അല്‍ഫോണ്‍സ് എന്ന് പറയുന്ന വ്യക്തിയിലൂടെയാണ് സിനിമയെ സീരിയസായി അപ്രോച്ച് ചെയ്യണമെന്ന് പഠിക്കുന്നത്, അല്ലെങ്കില്‍ അവന്റെ പാഷനും ഡെഡിക്കേഷനും കണ്ടിട്ടാണ്. ഞങ്ങള്‍ക്ക് സുഹൃത്തുക്കള്‍ക്കെല്ലാവര്‍ക്കും തന്നെ സിനിമയോടുള്ള ആഗ്രഹം കൂടിയത് അവന്റെയടുത്ത് നിന്നുമാണ്. വ്യക്തിപരമായി താങ്ക്ഫുള്ളാണ്. താങ്ക്ഫുള്ളെന്നൊന്നും പറയേണ്ട കാര്യമില്ല. ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന്റെ ക്യാപ്ഷനില്ലേ, അതാണ് അവന്മാര്‍. സുഹൃത്തുക്കള്‍ എപ്പോഴും അങ്ങനെയാണല്ലോ അഭിസംബോധന ഒക്കെ ചെയ്യുന്നത്. എല്ലാവരേയും ഒരുപോലെ വിളിക്കാന്‍ പറ്റുന്ന പേരുകളാണ് അത്,’ സിജു വില്‍സണ്‍ പറഞ്ഞു.
വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടാണ് ഒടുവില്‍ പുറത്ത് വന്ന സിജുവിന്റെ സിനിമ. വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.
Content Highlight: siju wilson talks about his relationship with alphonse puthren and others