സിനിമയിലെത്തിയ സമയത്ത് ജൂഡ് ആന്തണിയുടെ പരസ്യത്തില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെച്ച് സിജു വില്‍സണ്‍. അന്ന് തന്റെ അഭിനയം കട്ടതോല്‍വി ആയിരുന്നുവെന്നും ജൂഡ് തെറി വിളിച്ച് കൊന്നുവെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിജു പറഞ്ഞു.
‘ജൂഡിനെ പണ്ട് മുതലേ അറിയാം. അല്‍ഫോണ്‍സ് വഴി പരിചയപ്പെട്ടതാണ്. പണ്ട് ജൂഡും അരുണ്‍ ഗോപിയും കൂടി ഒരു കഥയെഴുതാന്‍ ആലുവയിലെ ഒരു ഫ്‌ളാറ്റില്‍ വന്ന് നില്‍ക്കുന്ന സമയത്ത് ഞാനും കിച്ചുവും ഷറഫും ഒക്കെ ഡിസ്‌കഷന് പോയി ഇരിക്കുമായിരുന്നു.
ആ സമയത്ത് നോക്കിയക്കോ എയര്‍ടെല്ലിനോ വേണ്ടി ഒരു കോണ്‍ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. മൊബൈലില്‍ ഷൂട്ട് ചെയ്തിട്ട് ഒരു മത്സരത്തിന് അയക്കാന്‍ വേണ്ടിയിട്ട് ഒരു ആഡ് പോലത്തെ സംഭവം ജൂഡ് ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ നായകനായി ഞാനാണ് അഭിനയിച്ചത്. അന്നെന്നെ തെറി വിളിച്ച് കൊന്നവനാണ് ജൂഡ് ആന്തണി. നിനക്ക് അഭിനയിക്കാന്‍ വല്ലോം അറിയാമോ എന്നൊക്കെ പറഞ്ഞു. അന്ന് അറിയില്ലായിരുന്നു. ഭയങ്കര മോശമായിരുന്നു.
അതിന്റെയൊക്കെ വീഡിയോ അവന്റെ കയ്യിലുണ്ട്. അതൊക്കെ ഇറക്കി വിട്ടാല്‍ തീര്‍ന്നു. അങ്ങനത്തെ വീഡിയോ ആരുടെയെക്കെയോ കയ്യിലുണ്ട്. നല്ല തോല്‍വിയായിരുന്നു എന്റെ അഭിനയം. അതുകഴിഞ്ഞ് സാറാസിനാണ് അവന്‍ ഒന്ന് അഭിനയിക്കാന്‍ വിളിക്കുന്നത്. അപ്പോഴേക്കും കുറച്ചൊക്കെ പഠിച്ചായിരുന്നു. സാറാസില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നില്ല. വൃത്തിയായി അഭിനയിക്കാന്‍ പറ്റി. കംഫര്‍ട്ടബിളായി ചെയ്തു,’ സിജു പറഞ്ഞു.
വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടാണ് ഒടുവില്‍ റിലീസ് ചെയ്ത സിജു വില്‍സന്റെ ചിത്രം. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന സാംസ്‌കാരിക നായകന്റെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കയാദു ലോഹര്‍ നായികയായ ചിത്രത്തില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, പൂനം ബജ്‌വ, ദീപ്തി സതി, സുദേവ് നായര്‍ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് എത്തിയത്.
Content Highlight: Siju Wilson shares his experience of acting in Jude Antony’s add