| Friday, 19th April 2024, 1:15 pm

മനഃപൂര്‍വം ആരും ചതിച്ചിട്ടില്ല; എനിക്ക് ബിസിനസ് വാല്യൂവില്ലെന്ന് തോന്നിയിട്ടുണ്ടാകാം: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിജു വില്‍സണ്‍. താരത്തിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പഞ്ചവത്സര പദ്ധതി. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഈയിടെയായിരുന്നു റിലീസായത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ തന്നെ മനഃപൂര്‍വം ആരും ചതിച്ചിട്ടില്ലെന്ന് പറയുകയാണ് സിജു. കൂട്ടുക്കെട്ടിലൂടെ സിനിമയില്‍ വന്നിട്ട് എപ്പോഴെങ്കിലും സിജുവിനെ വേണ്ടെന്ന് പറഞ്ഞ് ആരെങ്കിലും ചതിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇത് പറഞ്ഞത്.

‘മനഃപൂര്‍വം ആരും എന്നെ ചതിച്ചിട്ടില്ല. സാഹചര്യം കൊണ്ട് സംഭവിച്ചിട്ടുണ്ടാകും. ഒരു സിനിമയില്‍ കാസ്റ്റ് ചെയ്ത് വെച്ച ശേഷം എനിക്ക് ഒരു ബിസിനസ് വാല്യൂ ഇല്ലെന്ന് തോന്നിയിട്ടുണ്ടാകും. പകരം മറ്റൊരു കാസ്റ്റ് ആണെങ്കില്‍ ഓക്കെയാകും എന്ന് തോന്നാം.

ആ ഒരു സിനിമ മുന്നോട്ട് കൊണ്ടുപോകാനാകും അവര്‍ ശ്രമിക്കുന്നത്. ഞാന്‍ അവരെ അവിടെ പിടിച്ച് നിര്‍ത്തിയിട്ട് എന്നെ വെച്ച് സിനിമ ചെയ്യണം എന്ന് പറയില്ല. അങ്ങനെ പറയാന്‍ കഴിയില്ല. നമ്മള്‍ തമ്മില്‍ ഒരു റിലേഷന്‍ഷിപ്പ് ഉണ്ടാകും, പിന്നീട് സക്‌സസ് ഫുള്ളാകുമ്പോള്‍ സിനിമ ചെയ്യുമായിരിക്കും.

സാഹചര്യം കൊണ്ടാകും അയാള്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത്. അതിനെ നമ്മള്‍ ചതിയായി കാണേണ്ട ആവശ്യമില്ല. അത്തരത്തില്‍ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാസ്റ്റിങ് വന്നിട്ട് പിന്നീട് മാറിപോയിട്ടുണ്ട്. അത് ഒരുപക്ഷെ ഞാന്‍ ചെയ്യേണ്ട കഥാപാത്രമല്ലാത്തത് കൊണ്ടാകും,’ സിജു വില്‍സണ്‍ പറയുന്നു.

കൂട്ടുക്കെട്ടിലൂടെ സിനിമയിലേക്ക് വന്ന താന്‍ ഇന്ന് ഒറ്റക്കാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാനായി ഒറ്റക്ക് സഞ്ചരിക്കേണ്ടി വരുമെന്നും സിജു പറയുന്നു. മുമ്പത്തെ കൂട്ടുക്കെട്ടും സൗഹൃദങ്ങളും ഇന്നുമുണ്ടെങ്കിലും ഒറ്റക്ക് പോകുമ്പോള്‍ ഒറ്റക്ക് തന്നെയാണെന്നും താരം പറഞ്ഞു.

‘കൂട്ടുക്കെട്ടിലൂടെയാണ് ഞാന്‍ സിനിമയില്‍ വന്നത്. ഇപ്പോള്‍ ഒറ്റക്കാണ്. എനിക്ക് ഒരു കൂട്ടുക്കെട്ടുണ്ട്. സിനിമയില്‍ നമ്മളുടേതായ ഒരു സ്ഥാനം ഉറപ്പിക്കാനായി അല്ലെങ്കില്‍ സ്ഥാനം ഉണ്ടാക്കിയെടുക്കാനായി ഒറ്റക്ക് സഞ്ചരിക്കേണ്ടി വരും.

അന്നത്തെ കൂട്ടുക്കെട്ടും സൗഹൃദങ്ങളും ഇന്നും ഉണ്ട്. എന്നാല്‍ ഒറ്റക്ക് പോകുമ്പോള്‍ ഒറ്റക്ക് തന്നെയാണ്. ഒറ്റക്ക് സിനിമകള്‍ ചെയ്തു പോകണം. ആ കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്തില്ലെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് വളരാന്‍ പറ്റില്ല. കൂട്ടത്തില്‍ ഉള്ള ആളുകളെയല്ലാതെ നമുക്ക് പുറത്തുള്ള ആളുകളെയും അറിയണം.

ഉദാഹരണത്തിന് വിനയന്‍ സാര്‍. അത്രയും എക്സ്പീരിയന്‍സുള്ള ഡയറക്ടറാണ് എന്നെ അങ്ങനെയൊരു കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്. ഒറ്റക്ക് റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കേണ്ട ഒരു സമയം വരും. അത് ഏറ്റെടുക്കാന്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ നമ്മള്‍ അവിടെ തന്നെ സ്റ്റക്കായിട്ട് നില്‍ക്കും. ഒരു നടന്‍ എന്ന നിലയിലെ വളര്‍ച്ച ഉണ്ടാകാതെ വരും,’ സിജു വില്‍സണ്‍ പറയുന്നു.


Content Highlight: Siju Wilson Says That No One Deliberately Cheated Him In The Film

We use cookies to give you the best possible experience. Learn more