| Thursday, 8th September 2022, 9:18 am

അന്ന് നിവിനൊപ്പം കണ്ടപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു, 'ഇതാരാഡേ നിന്റെ ബ്രദറാണോ' എന്ന്: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ ആദ്യമായി കണ്ടത് തന്റെ ജീവിതത്തിലെ ഒരു ഡ്രീം കം ട്രൂ മൊമെന്റാണെന്ന് പറയുകയാണ് സിജു വില്‍സണ്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ നിവിന്‍ പോളിക്കൊപ്പം എയര്‍പോര്‍ട്ടില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യമായി കണ്ടതെന്ന് താരം പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിജു വില്‍സണ്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘ലാലേട്ടനെ ആദ്യമായി കണ്ടത് ഒരു ഡ്രീം കം ട്രൂ മൊമെന്റ് ആയിരുന്നു. നിവിനെ സി.സി.എല്ലിന് പോവാന്‍ വേണ്ടി നെടുമ്പാശേരി എര്‍പോര്‍ട്ടിന്റെ അടുത്തുള്ള ഹോട്ടലില്‍ കൊണ്ട് ചെന്നാക്കണം. നിവിനൊപ്പം എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. നിവിനെ കണ്ടപ്പോള്‍ ലാലേട്ടന്‍ അടുത്തേക്ക് വന്നു. അപ്പോള്‍ എന്നേയും കണ്ടു. ഞാനും അന്ന് താടി ഒക്കെ വെച്ചിട്ടുണ്ട്. ഇതാരാഡേ നിന്റെ ബ്രദറാണോന്ന് ചോദിച്ചു. അല്ല ഫ്രണ്ടാണെന്ന് നിവിന്‍ പറഞ്ഞു. ചിലപ്പോള്‍ ഒരുമിച്ച് കാണുമ്പോള്‍ ആള്‍ക്കാരൊക്കെ അങ്ങനെ ചോദിക്കാറുണ്ട്, കസിന്‍സാണോന്നൊക്കെ. ലാലേട്ടന്‍ സ്‌ക്രീനില്‍ അല്ലാതെ സാധാരണക്കാരെ പോലെ നോര്‍മലായി സംസാരിക്കുകയാണല്ലോ, അതൊരു ഡ്രീം കം ട്രൂ മൊമെന്റായിരുന്നു,’ സിജു വില്‍സണ്‍ പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന തന്റെ പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റ്‌സിനെ പറ്റിയും സിജു വില്‍സണ്‍ സംസാരിച്ചു.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം ഞാനും നിവിനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്‌സ്. ഉപചാരപൂര്‍വം ഗുണ്ടജയന് ശേഷം സൈജു ചേട്ടനൊപ്പം അഭിനയിക്കുന്ന പടം, മലര്‍വാടിക്ക് ശേഷം അജുവിനൊപ്പം അഭിനയിക്കുന്ന പടം.

റോഷന്‍ ചേട്ടന്‍ എന്നെ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. അതുപോലെ പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലേക്കും വിളിച്ചിട്ടുണ്ടായിരുന്നു. അതൊന്നും ആ സമയത്ത് ചെയ്യാന്‍ പറ്റിയില്ല. റോഷന്‍ ചേട്ടന്റെ കൂടെ എനിക്ക് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സാറ്റര്‍ഡേ നൈറ്റ്‌സിലേക്ക് വിളിച്ചപ്പോള്‍ പോയി. സുഹൃത്തുക്കളുടെ ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ്. ഒരു ഗെറ്റ് ടുഗേദര്‍ പോലെയുള്ള പരിപാടിയായിരുന്നു,’ സിജു വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം താരത്തിന്റെ പുതിയ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് റിലീസ് ചെയ്തിരിക്കുകയാണ്. ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന നവോത്ഥാന നായകന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനയനാണ്.

Content Highlight: Siju Wilson says that meeting Mohanlal for the first time was a dream come true moment in his life

We use cookies to give you the best possible experience. Learn more