മലർവാടി ആർട്സ് ക്ലബ്, പ്രേമം എന്നീ സിനിമകളിലൂടെ തുടക്കകാലത്ത് ശ്രദ്ധിക്കപെട്ട നടനാണ് സിജു വിൽസൺ. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിലൂടെയാണ് നടന് സിനിമ രംഗത്ത് ബ്രേക്ക് ലഭിക്കുന്നത്. ചെറിയ വേഷങ്ങളിൽ നിന്നും നായക വേഷത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച സാധ്യമായത് ഈ ചിത്രത്തിലൂടെയാണ്. പ്രേക്ഷകർ സിനിമകളെ വിമർശിക്കുന്നതിനോടുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ നടൻ.
സാധാരണ ഒരു പ്രേക്ഷകൻ എന്ന റോളിനപ്പുറം നിരൂപകരായി മാറിയിക്കുകയാണ് കാഴ്ചക്കാർ. റിലീസാവുന്ന പുതിയ സിനിമകളെ കുറിച്ച് കാണികളിൽ ചിലർ നടത്തുന്ന വിമർശനങ്ങൾ ഏറെ ചർച്ചയാകാറുണ്ട്. എന്നാൽ ഇതേ സമയം തന്നെ ഇത്തരം നിരൂപണങ്ങളെയും വിമർശനങ്ങളെയും ഉൾകൊള്ളാൻ പല സിനിമക്കാർക്കും സാധിക്കാറില്ല.
സിനിമ ഇറങ്ങുമ്പോള്‍ തന്നെ ഡീഗ്രേഡിംഗ് നടക്കുന്നു എന്ന വാദങ്ങളും ഉയരാറുണ്ട്. ‘പ്രേക്ഷകര്‍ക്ക് വിമര്‍ശനമുന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കാരണം അവര്‍ കാശ് മുടക്കിയാണ് സിനിമ കാണുന്നത്’ എന്നാണ് ഇത്തരം വാദങ്ങളോട് സിജു വിൽസൺ പ്രതികരിക്കുന്നത്. ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിജു വിൽസൺ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘പ്രേക്ഷകര്‍ക്ക് വിമര്‍ശനമുന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കാരണം അവര്‍ കാശ് മുടക്കിയാണ് സിനിമ കാണുന്നത്. സൂപ്പര്‍ ഹിറ്റായ സിനിമ പോലും ഇഷ്ടപ്പെടാത്ത ആളുണ്ട്. എല്ലാവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സിനിമ എടുക്കാനാവില്ല. ഭൂരിപക്ഷം ഓഡിയന്‍സിലേക്ക് സിനിമ എത്തിക്കാനേ നമുക്ക് സാധിക്കൂ. ഭൂരിപക്ഷം ഓഡിയന്‍സിന് ഇഷ്ടപ്പെടുമ്പോഴാണ് സിനിമ സൂപ്പര്‍ ഹിറ്റാവുന്നത്. പ്രതീക്ഷിക്കുന്നത് കിട്ടാതെ വരുമ്പോഴാണ് പ്രേക്ഷകര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. നല്ല വിമര്‍ശനങ്ങള്‍ നല്ല രീതിയില്‍ എടുക്കുക. നല്ല വിമര്‍ശനങ്ങളുണ്ടാകുമ്പോഴാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നതിനെ നോക്കാറില്ല. നല്ല വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ അറിയാം.’ എന്നാണു സിജു വിൽസൺ പറഞ്ഞത്.
ജിജോ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന വരയൻ ആണ് സിജു വിൽസന്റെ ഏറ്റവും പുതിയ ചിത്രം. ലിയോണ ലിഷോയ്, ജൂഡ് ആന്റണി ജോസഫ്, ജയശങ്കർ, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 20 നാണ് ചിത്രം തിയ്യറ്ററിൽ എത്തുന്നത്.
Content Highlight: Siju Wilson says that audience have the freedom to criticize cinema