കമല്‍ഹാസന്‍ ചിത്രത്തിലെ 'കാതല്‍ വന്തിരിച്ച്' ഗാനത്തിന്റെ റീമിക്‌സുമായി സിജു വില്‍സണ്‍ ചിത്രം
Entertainment
കമല്‍ഹാസന്‍ ചിത്രത്തിലെ 'കാതല്‍ വന്തിരിച്ച്' ഗാനത്തിന്റെ റീമിക്‌സുമായി സിജു വില്‍സണ്‍ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th July 2024, 7:54 pm

ഉല്ലാസ് കൃഷ്ണയുടെ സംവിധാനത്തില്‍ രാജ്കുമാര്‍ സേതുപതി അവതരിപ്പിക്കുന്ന ചിത്രമാണ് പുഷ്പക വിമാനം. റയോണ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്. ഒരു റീമിക്സായി ഒരുക്കിയ ‘കാതല്‍ വന്തിരിച്ചു’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇളയരാജ ഈണം നല്‍കിയ ഇതിന്റെ ഒറിജിനല്‍ പതിപ്പിന് വരികള്‍ രചിച്ചത് പാഞ്ചു അരുണാചലമാണ്.


രാഹുല്‍ രാജ് റീമിക്‌സ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് അഡീഷണല്‍ വരികള്‍ രചിച്ചത് അനൂപ് കൃഷ്ണന്‍ മണ്ണൂരാണ്. ഈ ഗാനം ആലപിച്ചത് സ്റ്റാന്‍ഡ് അപ് കോമേഡിയനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ സിദ്ദിഖ് റോഷനും സംഗീത സംവിധായകന്‍ രാഹുല്‍ രാജും ചേര്‍ന്നാണ്. പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സിജു വില്‍സണ്‍, നമൃത, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്ദീപ് സദാനന്ദനും ദീപു എസ്. നായരും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചത്. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുഷ്പക വിമാനം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. സിദ്ദിഖ്, മനോജ് കെ.യു., ലെന, പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, ഷൈജു അടിമാലി, ജയകൃഷ്ണന്‍, ഹരിത്, വസിഷ്ഠ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

റയോണ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല, കിവിസോ മൂവീസ്, നെരിയ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ആരിഫ പ്രൊഡക്ഷന്‍സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. ഛായാഗ്രഹണം: രവി ചന്ദ്രന്‍, ചിത്രസംയോജനം: അഖിലേഷ് മോഹന്‍, സംഗീതം: രാഹുല്‍ രാജ്, കലാസംവിധാനം: അജയ് മങ്ങാട്, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ മാനേജര്‍: നജീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, പി.ആര്‍.ഒ: ശബരി.

Content Highlight: Siju Wilson’s Pushpaka Vimanam Movie New Song Out