| Friday, 23rd September 2022, 9:53 am

ഒരു ലോഡ് കപ്പലണ്ടി മിഠായിയുമായി സിജു വരും; റൈഡിങ്ങ് കഴിഞ്ഞ് അവശനായാലും കുതിരയെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തിട്ടേ പോകൂ: പരിശീലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് സിജു വില്‍സന്‍ എന്ന പുതിയ ആക്ഷന്‍ ഹീറോ ഉദയം കൊണ്ടിരിക്കുകയാണ്. ഹോര്‍സ് റൈഡിങ്, കളരിപ്പയറ്റ്, വെയ്റ്റ് ട്രെയിനിങ് തുടങ്ങി കഥാപാത്രമാകാനായി നടത്തിയ നിരവധി പരിശീലനങ്ങളിലൂടെയാണ് വേലായുധ പണിക്കരിലേക്കുള്ള പകര്‍ന്നാട്ടം സിജുവിന് സാധ്യമായത്. സിനിമയ്ക്ക് വേണ്ടി സിജുവിനെ ഹോര്‍സ് ട്രെയിനിങ് നടത്തിയ വിന്റേജ് ഹോര്‍സ് റൈഡിങ് ക്ലബിന്റെ ഹോര്‍സ് ട്രെയിനര്‍ യൂസഫിന്റെ വാക്കുകള്‍ കേട്ടാല്‍ അത് കൂടുതല്‍ മനസ്സിലാകും.

‘ആദ്യം റോയ് എന്ന ആളിന്റെ അടുത്ത് പോയതിന് ശേഷമാണ് എന്റെ അടുത്തേക്ക് സിജു വരുന്നത്. അവിടെ നിന്ന് ബേസിക്കായിട്ടുള്ള കാര്യങ്ങള്‍ പഠിച്ചിട്ടാണ് വന്നത്. അദ്യം സിജുവിന് ചെറിയ ഭയമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ തീവ്ര പരിശീലനം എന്നൊക്കെ പറയുന്നത് പോലെ കഷ്ടപ്പെട്ട് തന്നെ അദ്ദേഹം പഠിച്ചു.

സിജു പഠിച്ചത് മുഴുവന്‍ വെള്ള കളറുള്ള ബെന്‍ എന്ന കുതിരയുടെ മുകളിലാണ്. രാവിലെ വരുമ്പോള്‍ തന്നെ ഒരു ലോഡ് കപ്പലണ്ടി മിഠായി ആയിട്ടാണ് വരുക. അതിനെ മയക്കാനായിട്ടാണ് കപ്പലണ്ടി മിഠായി കൊണ്ട് വരുന്നത്. പെട്ടെന്ന് അതിനെ മയക്കാന്‍ സിജുവിന് കഴിഞ്ഞു.

പിന്നെ കുതിരയും സിജുവും തമ്മില്‍ ഭയങ്കര ആത്മബന്ധം പോലെയായിരുന്നു. അതിന്റെ മുകളില്‍ നിന്ന് രണ്ട് തവണ വീണിട്ടൊക്കെ ഉണ്ട്. പക്ഷേ മുറിവുകളും ചതവുകളുമൊന്നും വകവെയ്ക്കാതെ പിന്നെയും കയറി നിന്ന് ഓടിച്ചു. നിസാര ദിവസം കൊണ്ട് അനായാസം സിജു പഠിച്ചെടുത്തു.

ജിം ട്രെയിനിങ് കഴിഞ്ഞ് വിയര്‍ത്ത് കുളിച്ചിട്ടാകും ഇവിടെ വരിക. ഒരു 30 മിനിട്ടാണ് കുതിരയെ കൊടുക്കുക. പക്ഷേ അദ്ദേഹം ഇറങ്ങാറില്ല. ഒരു മണിക്കൂര്‍ ഒക്കെ അതിന്റെ മുകളില്‍ ഇരുന്ന് കഷ്ടപ്പെട്ടാണ് പഠിച്ചത്. അത്രയ്ക്ക് ബുദ്ധിമുട്ടിയിട്ടാണ് അദ്ദേഹം ഇത് ചെയ്തത്.

റൈഡിങ് കഴിഞ്ഞ് അവശനായാലും കുതിരയെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തിട്ടാണ് സിജു തിരിച്ച് പോകാറുള്ളത്. ബെന്നിന്റെ പുറത്ത് അദ്ദേഹം ഞാന്‍ പറയാതെ തന്നെ കൈ വിട്ട് ഓടിക്കാറുണ്ടായിരുന്നു. എനിക്ക് ആദ്യമേ അറിയാമായിരുന്നു തെറ്റുകളില്ലാതെ നന്നായി ഓടിക്കുമെന്ന്.

അത് അറിയാവുന്നത് കൊണ്ട് സിജുവിന് പൂര്‍ണമായും ഞാന്‍ കുതിരെയ വിട്ടുകൊടുക്കുകയായിരുന്നു. ആ ഒരു തീരുമാനം പിന്നീട് വളരെ ശരിയാണെന്ന് എനിക്കും തോന്നി. കാരണം അദ്ദേഹം വളരെ പ്രൊഷണലായി അത് ചെയ്തു. സിജു ചുരുങ്ങിയ ദിവസം കൊണ്ട് പഠിച്ചത് കണ്ട് വിനയന്‍ സാര്‍ തന്നെ അതിശയിച്ചു പോയി,” യൂസഫ് പറഞ്ഞു.

മേക്കോവറിന്റെ ചില ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വിനയനായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയിലാണ് യൂസഫ് സിജു ഹോര്‍സ് റൈഡിങ് പഠിച്ചെടുത്തതിനെക്കുറിച്ച് പറയുന്നത്.

‘പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തില്‍ ഒരു പുതിയ ആക്ഷന്‍ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളില്‍ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവര്‍ നടത്താന്‍. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയര്‍ ചെയ്യുന്നത്,’ എന്ന ക്യാപ്ഷനോടെയാണ് വിനയന്‍ വീഡിയോ പങ്കുവെച്ചത്.

നേരത്തെ കുതിരയുടെ പുറത്ത് കയറി കൈവിട്ട് സിജു റൈഡ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.

Content Highlight: Siju Wilson’s horse trainer about his practice with horse

We use cookies to give you the best possible experience. Learn more