| Wednesday, 24th August 2022, 2:05 pm

കണ്ണ് നിറഞ്ഞ് മാപ്പ് പറഞ്ഞ് സിജു വില്‍സണ്‍, അത്ഭുത ദ്വീപും രാക്ഷസ രാജാവും ഓര്‍ക്കാത്തതുകൊണ്ടാണ് ആ ചിന്ത വന്നതെന്ന് വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയനോട് പരസ്യമായി ക്ഷമ ചോദിച്ച് സിജു വില്‍സണ്‍. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായകനാവാന്‍ വിനയന്‍ തന്നെ വിളിച്ച സംഭവം ഓര്‍ത്തെടുത്താണ് സിജു വില്‍സണ്‍ വിതുമ്പിയത്.

‘ഞാന്‍ ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചോണ്ടിരിക്കുന്ന സമയത്താണ് സാര്‍ കറക്റ്റായിട്ട് എന്നെ വിളിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ചെയ്യാന്‍ റെഡിയാണെന്ന് പറഞ്ഞ് ഇറങ്ങി തിരിച്ചത്.

പിന്നെ സാറിനോട് പബ്ലിക്കായിട്ട് ക്ഷമ ചോദിക്കണം. എന്നെ വിളിച്ച സമയത്ത് സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങള്‍ ആലോചിച്ച് എന്തിനായിരിക്കും വിളിക്കുന്നത് എന്ന് ആലോചിച്ചു. അത് മാനുഷികമായി എല്ലാ മനുഷ്യരുടെ മനസിലും വരുന്ന കാര്യമാണ്. എന്നാല്‍ വിനയന്‍ സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തോടെ സംസാരിച്ച് കഴിഞ്ഞ് ആ വീട്ടില്‍ നിന്നും ഫുള്ളി ചാര്‍ജ്ഡായിട്ടാണ് ഇറങ്ങി വന്നത്. ഇപ്പോഴും അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഇമോഷണലായി പോവും. സാര്‍ അത്രയും റെസ്‌പെക്‌റ്റോടെയാണ് എന്നോട് പെരുമാറിയത്,’ എന്ന് പറഞ്ഞ് വാക്കുകള്‍ കിട്ടാതെ സിജു വിതുമ്പുകയായിരുന്നു.

അത്ഭുത ദ്വീപും രാക്ഷസ രാജാവുമൊന്നും ആലോചിക്കാഞ്ഞതുകൊണ്ടാണ് അങ്ങനെയുള്ള വിചാരങ്ങള്‍ വന്നതെന്ന് സിജുവിന് ആശ്വസിപ്പിച്ചുകൊണ്ട് വിനയന്‍ പറഞ്ഞു.

‘സാരമില്ല, പുള്ളി ഇമോഷണലായതാണ്. അത് ഒരു പുതിയ ചെറുപ്പക്കാരന്റെ ഉള്ളിലെ ഫയറാണ്. കഴിഞ്ഞ എട്ട് പത്ത് വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ള എന്റെ സുഹൃത്തുക്കളുമായി പ്രശ്‌നങ്ങളുണ്ടാക്കി മാറി നിന്ന ആളാണ് ഞാന്‍. പക്ഷേ എന്റെ വാശിക്ക് ഞാന്‍ വിട്ടുകൊടുത്തില്ല. ആരുമില്ലാതെ സിനിമ ചെയ്തു. ടെക്‌നിക്കല്‍ ടീമോ ആര്‍ട്ടിസ്റ്റുകളോ ഒന്നുമില്ലാതെ സിനിമ ചെയ്തു.

സിജു അത്ഭുത ദ്വീപോ ദാദാ സാഹിബോ രാക്ഷസ രാജാവോ അതിലേക്കൊന്നും പോയില്ല. പുള്ളിക്ക് ടെന്‍ഷന്‍ ഉണ്ടായി. നല്ലൊരു സിനിമ ചെയ്യാന്‍ പറ്റിയാല്‍ നിന്നെ വേറൊരു ആളാക്കി മാറ്റുമെന്ന് ഞാന്‍ പറഞ്ഞു. അന്ന് മനസില്‍ ആ ചാര്‍ജും കൊണ്ടാണ് പോയത്,’ വിനയന്‍ പറഞ്ഞു.

സിജു വില്‍സന്റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സെപ്റ്റംബര്‍ എട്ടിന് ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന സിനിമയില്‍ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായിട്ടാണ് സിജു വില്‍സണ്‍ എത്തുന്നത്.

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍.

വിനയന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Siju Wilson publicly apologizes to Vinayan

We use cookies to give you the best possible experience. Learn more