| Thursday, 3rd November 2022, 9:58 pm

ജോലി ഇല്ലാത്ത കാലത്ത് വാടക കൊടുക്കാതെ നിവിന്റെ ഹോസ്റ്റലില്‍ കഴിഞ്ഞിട്ടുണ്ട്, മീന്‍ കറിയായിരുന്നു സൗജന്യ താമസത്തിനുള്ള നമ്പര്‍: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോലിയില്ലാത്ത കാലത്ത് നിവിന്‍ പോളിയുടെ ഹോസ്റ്റലില്‍ വാടക കൊടുക്കാതെ ഒരുപാട് നാള്‍ താമസിച്ചിട്ടുണ്ടെന്ന് സിജു വില്‍സണ്‍. പോകുന്നില്ലേയെന്ന് കൂട്ടുകാര്‍ ചോദിക്കുന്നതുവരെ മുറിയില്‍ പറ്റിപ്പിടിച്ചുകൂടാറുണ്ടെന്നും മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ സിജു വില്‍സണ്‍ പറഞ്ഞു.

‘കാമ്പസ് കാലത്ത് ബെംഗളൂരു, മൈസൂര്‍ ഒക്കെ എന്റെ സ്ഥിരം ബൈക്ക് യാത്രാ റൂട്ടാണ്. ഡിഗ്രി കഴിഞ്ഞ് ജോലി അന്വേഷിച്ചുനടക്കുന്ന കാലത്ത് ബൈക്കോടിച്ച് നിവിനൊക്കെ താമസിക്കുന്ന ഹോസ്റ്റലിലേക്ക് എത്രയോ തവണ പോയിട്ടുണ്ട്. ജോലി ഇല്ലാത്ത കാലത്ത് വാടക കൊടുക്കാതെ ഇവരുടെ ഹോസ്റ്റലില്‍ ഒരുപാടുനാള്‍ കഴിഞ്ഞിട്ടുണ്ട്.

മീന്‍കറി പോലുള്ള തട്ടുപൊളിപ്പന്‍ നമ്പറുകളില്‍ പിടിച്ചായിരുന്നു ഹോസ്റ്റലില്‍ കയറിപ്പറ്റിയുള്ള സൗജന്യ താമസം. എന്റെ മീന്‍ കറി ഇവന്മാര്‍ക്കിടയില്‍ വലിയ ഹിറ്റായിരുന്നു. ജോലി അന്വേഷിക്കുന്ന കാലമല്ലേ. കാശ് ചെലവാക്കാതെ താമസിക്കാനൊരു സ്ഥലം തരപ്പെടുത്താന്‍ വലിയ പ്രയാസമായിരുന്നു. പോകുന്നില്ലേയെന്ന് കൂട്ടുകാര്‍ ചോദിക്കുന്നതുവരെ മുറിയില്‍ പറ്റിപ്പിടിച്ചുകൂടും. രാഹുല്‍, രാജീവ്, പ്രവീണ്‍… അന്നവിടെ ഞങ്ങള്‍ക്കൊരുപാട് കൂട്ടുകാരുണ്ടായിരുന്നു.

എല്ലാവരുടെയും ജീവിതത്തില്‍ സൗഹൃദങ്ങളുണ്ട്. അതിന്റെ ഗ്രാഫില്‍ വലുതും ചെറുതുമായ മാറ്റങ്ങള്‍ കാണുമെന്നുമാത്രം. കാര്യങ്ങള്‍ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാവുന്ന, നമ്മളെ മനസ്സിലാക്കുന്ന ആളുകളെ ഒപ്പം കിട്ടുക എന്നത് വലിയ ഭാഗ്യമാണ്. ഭാവിയെ കരുതി വീട്ടുകാര്‍ പലപ്പോഴും അരുതുകള്‍ പറഞ്ഞുകൊണ്ടിരിക്കും. പലതില്‍നിന്നും കുടുംബം നമ്മെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സുഹൃത്തുക്കള്‍ എന്തിനും ഏതിനും കട്ടയ്ക്കുനില്‍ക്കും. ശരിതെറ്റുകള്‍ക്കല്ല, നമ്മുടെ സന്തോഷത്തിനാണ് കൂട്ടുകാര്‍ വിലനല്‍കുന്നത്,’ സിജു പറഞ്ഞു.

അതേസമയം നിവിനും സിജുവും വീണ്ടും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ്‌സ് നവംബര്‍ നാലിന് റിലീസ് ചെയ്യുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Siju Wilson has been staying in Nivin Pauly’s hostel for a long time without paying rent when he was unemployed

We use cookies to give you the best possible experience. Learn more