സിജു വില്‍സണെ നായകനാക്കി വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ടിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്ന്. വിനയന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനമയില്‍ സിജു വില്‍സണ്‍ മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കുന്നതായാണ് പ്രേക്ഷകര്‍ അഭിപ്രായം പറയുന്നത്.
ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാളത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിനയന്‍ പറഞ്ഞു. സിജു വില്‍സണ്‍ തനിക്ക് ചുംബനം നല്‍കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു വിനയന്റെ പ്രതികരണം.
‘സിജു എനിക്ക് തന്ന ഈ സ്നേഹചുംബനം.
ഞാന്‍ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്നേഹ സമ്മാനമായി ഞാന്‍ കാണുന്നു,
കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാളസിനിമക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണു ഞാന്‍.
ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ വേണ്ടി ആത്മസമര്‍പ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ. അതിനൊരു താങ്ങായി ഞാനുണ്ടാകും. എന്നെ സ്നേഹിച്ച, നിലനിര്‍ത്തിയ പ്രിയ മലയാളത്തിനും നന്ദി,’ എന്നാണ് വിനയന്‍ കുറിച്ചത്.
വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മാതാക്കള്‍ വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്.
ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍, മാഫിയ ശശി എന്നിവര്‍ ഒരുക്കിയ സംഘടന രംഗങ്ങള്‍ സിനിമയുടെ പ്രത്യേകതയാണ്.