|

ഇടിവെട്ട് പുത്രന്‍; വെറൈറ്റി ബെര്‍ത്ത്‌ഡേ വിഷുമായി സിജു വില്‍സണ്‍; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒമ്പത് വര്‍ഷത്തിനിടയ്ക്ക് കേവലം രണ്ട് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. 2013 ല്‍ പുറത്തിറങ്ങിയ നേരവും 2015 ല്‍ പുറത്തിറങ്ങിയ പ്രേമവും കേരളത്തിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ തരംഗമായതിന് പുറമേ പ്രേമം തമിഴ്‌നാട്ടില്‍ 100 ദിവസമാണ് ഓടിയത്.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ സിജു വില്‍സണ്‍. ഇടിവെട്ടി മഴ പെയ്യുന്നതിനിടയില്‍ ചായ കുടിക്കുന്ന അല്‍ഫോണ്‍സിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിജു അല്‍ഫോണ്‍സിന് ആശംസകള്‍ നേര്‍ന്നത്. ‘ഇടിവെട്ടാണ് നീ’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സിജു ഫേസ്ബുക്കില്‍ കുറിച്ചത്. ഇടിവെട്ടുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

അല്‍ഫോണ്‍സിന്റെ ആദ്യ സിനിമയായ നേരത്തില്‍ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിജു വില്‍സണ്‍ സിനിമയിലേക്ക് വരുന്നത്. പിന്നീട് വന്ന പ്രേമത്തിലും സിജു ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോള്‍ഡാണ് അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും ആദ്യമായാണ് അഭിനയിക്കുന്നത്. ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


Content Highlight: siju wilson birthday wish for alphonse puthren