| Wednesday, 17th July 2024, 8:05 pm

ജീവിതത്തിന്റെ കണക്കുകൂട്ടലൊക്കെ തെറ്റി നില്‍ക്കുന്ന സമയത്താണ് ആ സിനിമയിലെ നായകവേഷം എന്നെ തേടിയെത്തുന്നത്: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടനാണ് സിജു വില്‍സണ്‍. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലും നല്ലൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ നായകനായും സിജു അരങ്ങേറി. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമാകന്‍ സിജുവിന് സാധിച്ചു.

ആറാട്ടുപുഴ പണിക്കര്‍ എന്ന ചരിത്രനായകന്റെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടില്‍ നായകനായി ആക്ഷന്‍ വേഷവും തനിക്ക് വഴങ്ങുമെന്ന് സിജു തെളിയിച്ചു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ തന്നെ ലൈഫ് ചെയ്ഞ്ചിങ് മൊമന്റായിരുന്നുവെന്ന് പറയുകയാണ് സിജു വില്‍സണ്‍.

നായകനായി ഒന്നുരണ്ട് സിനിമകള്‍ ചെയ്തുവെങ്കിലും താന്‍ പ്രതീക്ഷിച്ചതുപോലെ ആ സിനിമകള്‍ വന്നില്ലെന്നും ജീവിതത്തിലെ കണക്കുകൂട്ടലൊക്കെ തെറ്റി നില്‍ക്കുന്ന സമയത്താണ് വിനയന്‍ തന്നെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് വിളിച്ചതെന്നും സിജു പറഞ്ഞു.

ആ സിനിമക്ക് ശേഷം അത്യാവശ്യം വലിയ സിനിമകള്‍ തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് മറ്റ് നിര്‍മാതാക്കള്‍ക്ക് മനസിലായെന്നും കരിയറിന് ഗുണം ചെയ്‌തെന്നും സിജു കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ സമാധാന പുസ്തകത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഹാപ്പി വെഡ്ഡിങ്ങിന് ശേഷമാണ് നായകവേഷവും എനിക്ക് ചേരുമെന്ന് പലര്‍ക്കും മനസിലായത്. അതിന് ശേഷം ഒന്നുരണ്ട് സിനിമകളില്‍ ഞാന്‍ നായകനായി. എന്നാല്‍ ചിലത് പ്രതീക്ഷിച്ച റിസല്‍ട്ട് തന്നില്ല. ജീവിതത്തിലെ കണക്കുകൂട്ടല്‍ കുറച്ചൊക്കെ തെറ്റി നില്‍ക്കുന്ന സമയത്താണ് വിനയന്‍ സാര്‍ എന്നെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് വിളിക്കുന്നത്. ആ സിനിമയിലേക്ക് സാര്‍ എന്നെ വിളിച്ചത് എന്റെ ലൈഫ് ചെയ്ഞ്ചിങ് മൊമന്റായിട്ടാണ് ഞാന്‍ കാണുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് ഇറങ്ങിയ ശേഷം എനിക്ക് വലിയ സിനിമകളും ചെയ്യാന്‍ പറ്റുമെന്ന് പല സിനിമാകാര്‍ക്കും മനസിലായി. എട്ട് കോടിക്ക് ചെയ്യേണ്ട സിനിമ നാല് കോടി ബജറ്റില്‍ എന്നെക്കൊണ്ട് ചെയ്താല്‍ നന്നാകുമെന്ന് പലര്‍ക്കും തോന്നി. പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം ഞാന്‍ വാരിവലിച്ച് സിനിമ ചെയ്യാതെ നല്ലവണ്ണം ചൂസിയാകാന്‍ തുടങ്ങി,’ സിജു വില്‍സണ്‍ പറഞ്ഞു.

Content Highlight: Siju Wilson about Pathonpatham Noottandu movie

We use cookies to give you the best possible experience. Learn more