ഹാപ്പി വെഡ്ഡിങ്ങും കട്ടപ്പനയിലെ ഹൃത്വിക് റോഷനും അഭിനയിച്ചു കഴിഞ്ഞ ശേഷം തനിക്ക് വന്നതെല്ലാം തേപ്പ് കഥകളായിരുന്നെന്ന് നടന്‍ സിജു വില്‍സണ്‍. പലപ്പോഴും പിടികൊടുക്കാതെ വഴുതി മാറുകയായിരുന്നു താനെന്നാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിജു പറയുന്നത്.
കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്റെ രണ്ടാമത്തെ തേപ്പ് കഥയാണ്. എന്നെ തേപ്പ് നായകനായി ഉറപ്പിച്ച സിനിമയാണ്. ഹാപ്പി വെഡ്ഡിങ്ങില്‍ ചെറിയ തേപ്പ് കിട്ടി. കട്ടപ്പനയില്‍ എത്തിയപ്പോഴേക്കും ഭീകര തേപ്പില്‍ വന്നു. പിന്നെ ഹാപ്പി വെഡ്ഡിങ്ങില്‍ കിട്ടിയ തേപ്പിന് ഒരു പ്രതികാരം ചെയ്യണമെന്ന് ചിലര്‍ ആഗ്രഹിച്ചിരുന്നു. ജീവിതത്തില്‍ തിരിച്ച് തേപ്പ് കൊടുക്കാന്‍ പറ്റാത്തവര്‍ സിനിമ കണ്ട് സന്തോഷിച്ചു. അതിന് ശേഷം എന്നെ തേപ്പ് നായകനായി പ്രഖ്യാപിക്കാനായി ശ്രമം നടത്തിയിരുന്നു. പക്ഷേ ഞാന്‍ ഓടിരക്ഷപ്പെട്ടു(ചിരി). തേപ്പ് കിട്ടുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അതിന് ശേഷം എന്നെ തേടി വന്നിരുന്നു, സിജു വില്‍സണ്‍ പറഞ്ഞു.
പ്രേമവും നേരവും സുഹൃത്തുക്കളുടെ ഒരു ആഘോഷമായിരുന്നെന്നും ഒരു നടനിലേക്കുള്ള കാല്‍വെപ്പായിരുന്നു ആ ചിത്രങ്ങളെന്നും സിജു പറയുന്നു. ഹാപ്പി വെഡ്ഡിങ് എന്റെ ആദ്യ നായക കഥാപാത്രമായിരുന്നു. ഒന്നു ശ്രമിച്ചുനോക്കാമെന്ന് വിചാരിച്ച് ചെയ്തതാണ്. 105 ദിവസം സിനിമഓടി. നായകനായി അഭിനയിച്ച ആദ്യ സിനിമ അത്രയും വിജയമായത് കരിയറിലെ വലിയ നേട്ടമായിരുന്നെന്നും സിജു പറയുന്നു.
ലക്ക് ഉള്ള ആളാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ലക്കല്ല ആഗ്രഹമുണ്ടോ എന്നതാണ് കാര്യമെന്നായിരുന്നു താരത്തിന്റെ മറുപടി. ആഗ്രഹങ്ങളുടെ പുറത്തുള്ള സഞ്ചാരമായിരുന്നെന്നും ഒരു സമയത്ത് താന്‍ അറ്റന്റ് ചെയ്യാത്ത ഓഡിഷനുകള്‍ കുറവായിരുന്നെന്നും താരം പറഞ്ഞു.
ഉപചാരപൂര്‍വം ഗുണ്ട ജയന്‍ ചെയ്യുമ്പോഴാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ വിളിക്കുന്നത്. അങ്ങനെ പോയി ചെയ്തതാണ്. ആ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് വഴിതുറന്നത്. വിനയന്‍ സാര്‍ ആ പൊലീസ് യൂണിഫോമിലുള്ള വേഷം കണ്ടപ്പോഴാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ കഥാപാത്രമാകാന്‍ കഴിയുമെന്ന് ആലോചിച്ചത്.
വരയന്‍ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ഫൈറ്റ് ചെയ്യുന്നത്. ആ കോണ്‍ഫിഡന്‍സില്‍ നിന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ആറ് ഫൈറ്റൊക്കെ ചെയ്യാനുള്ള ധൈര്യം കിട്ടിയത്.
കരിയറിലെ വലിയ സിനിമ, വലിയ ക്യാരക്ടര്‍, ചരിത്ര സിനിമ തുടങ്ങി കരിയറില്‍ വലിയ പ്രാധാന്യമുള്ള സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്നും സിജു പറഞ്ഞു. ഇനിയും നിരവധി കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും തന്നെ എക്‌സൈറ്റ് ചെയ്യുന്ന സിനിമകള്‍ കൂടുതല്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും സിജു പറഞ്ഞു.
നേരം എന്ന ചിത്രത്തിന് ശേഷമാണ് സിനിമയെ കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടായത്. നേരത്തിന്റെ അസിസ്റ്റന്റ് ഡയരക്ടര്‍ കൂടി ആയതുകൊണ്ട് അന്ന് കുറച്ചധികം കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ സാധിച്ചിരുന്നെന്നും താരം പറഞ്ഞു.
Content Highlight: Siju wilson about kattappanayile rithik roshan movie character