അന്ന് അയാള്‍ എന്നെ തളര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഇവിടെയില്ല; സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയവരെ കുറിച്ച് സിജു
Movie Day
അന്ന് അയാള്‍ എന്നെ തളര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഇവിടെയില്ല; സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയവരെ കുറിച്ച് സിജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th July 2024, 3:51 pm

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി നായക നിരയിലേക്ക് ഉയര്‍ന്നുവന്ന നടനാണ് സിജു വില്‍സണ്‍. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മലയാളത്തിന്റെ നായകനിരയിലേക്ക് സിജു വില്‍സണ്‍ ഉയരുന്നത്. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമയില്‍ കാലെടുത്തുവെച്ച സിജുവിന്റെ വലുതും ചെറുതമായ നിരവധി വേഷങ്ങള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ വിവിധ സമയങ്ങളില്‍ തന്നെ കൈപിടിച്ചുയര്‍ത്തിയവരെ കുറിച്ച് സംസാരിക്കുകയാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിജു. ഒരാളുടെ പേര് മാത്രമായി തനിക്ക് പറയാന്‍ സാധിക്കില്ലെന്ന വിവിധ സമയങ്ങളില്‍ തനിക്കും താങ്ങും തണലും വഴികാട്ടിയുമായി മാറിയ നിരവധി പേരുണ്ടെന്നാണ് സിജു പറയുന്നത്.

മലയാള സിനിമയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ ഒരളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ആരുടെ പേര് പറയാന്‍ പറ്റുമെന്ന ചോദ്യത്തിന് ഒരുപാട് പേരുണ്ട് എന്നായിരുന്നു സിജുവിന്റെ മറുപടി.

‘സിനിമ എന്ന മേഖലയിലേക്ക് കയറാനുള്ള ആഗ്രഹം ഞാന്‍ ആദ്യം പറയുന്നത് അല്‍ഫോണ്‍സിന്റെ അടുത്താണ്. അവന്‍ അന്ന് എന്നെ ഡീമോട്ടിവേറ്റ് ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ ഇവിടെ എത്തില്ലായിരുന്നു. അത്തരത്തില്‍ മോട്ടിവേറ്റ് ചെയ്യാന്‍ ഒരു സുഹൃത്തുണ്ടായിരുന്നു.

അതുപോലെ തന്നെ നമ്മുടെ ജീവിത സാഹചര്യങ്ങള്‍ ഉണ്ട്. ഇതെല്ലാം ആശ്രയിച്ചിരിക്കും. പിന്നെ ഒരാള്‍ എന്ന് നമുക്ക് പറയാന്‍ പറ്റില്ല. ഒരുപാട് പേരുടെ പേരുകള്‍ പറയേണ്ടി വരും. ഏറ്റവും ഒടുവില്‍ വിനയന്‍ സാര്‍ വരെ.

പത്തൊമ്പതാം നൂറ്റാണ്ട് പോലെ വലിയൊരു സിനിമ എന്നെ ഏല്‍പ്പിക്കാനുള്ള കോണ്‍ഫിഡന്‍സ് വരിക എന്നത് വളരെ പ്രധാനമാണ്. ആ സിനിമ കൊണ്ട് എനിക്ക് കിട്ടിയ ഒരു സ്വീകാര്യതയുണ്ട്. നായക നടന്‍ എന്ന ലേബല്‍ ഉണ്ട്.

പിന്നെ തീര്‍ച്ചയായും എന്റെ ആദ്യ സിനിമയുടെ സംവിധായകനായ വിനീത്. വിനീതിന്റേയും എന്റേയും ആദ്യ സിനിമയാണ് മലര്‍വാടി. ആദ്യ ആദ്യമായി ഓഡിഷനില്‍ പങ്കെടുക്കുന്നതും മലര്‍വാടിക്ക് വേണ്ടിയാണ്. ആ ഓഡിഷനില്‍ ഞാന്‍ സെലക്ട് ചെയ്യപ്പെട്ടു. അല്‍ഫോണ്‍സ് പറഞ്ഞിട്ടാണ് ഞാന്‍ ഓഡീഷന് പോകുന്നത്. ആ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. അതെന്റെ ഫസ്റ്റ് അറ്റംപ്റ്റ് ആയിരുന്നു.

എന്നെ സംബന്ധച്ച് എന്റെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള എല്ലാവരും പ്രധാനപ്പെട്ടവരാണ്. ഓരോ സിനിമയില്‍ എനിക്കൊപ്പമുണ്ടായിരുന്നവരും പ്രധാനപ്പെട്ടതാണ്. പിന്നെ ലൈഫില്‍ ഉള്ളവര്‍. അച്ഛന്‍ അമ്മ ഭാര്യ എല്ലാവരും പ്രധാനപ്പെട്ടത് തന്നെയാണ്. ഒരാളെ മാത്രം എടുത്തുപറയാന്‍ ആവില്ല. എല്ലാവരും നമ്മളെ ചേര്‍ത്തുപിടിച്ചവരാണ്,’ സിജു വില്‍സണ്‍ പറഞ്ഞു.’

Content Highlight: Siju Wilson about his Supportes