| Thursday, 25th July 2024, 9:16 am

നേരത്തിലെ ആ ഹിറ്റ് സീന്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രമാണ് നേരം. ചെന്നൈ നഗരത്തില്‍ ഒരു ദിവസം നടക്കുന്ന കഥ പറഞ്ഞ ചിത്രം വ്യത്യസ്തമായ മേക്കിങ് കൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറാനും നേരത്തിന് സാധിച്ചു. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഒരു ഡോക്ടര്‍ മരിച്ച വ്യക്തിയുടെ പള്‍സ് നോക്കുന്ന സീന്‍ ഇന്നും ചിരിയുണര്‍ത്തുന്നതാണ്.

ആ സീന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചതായിരുന്നുവെന്ന് പറയുകയാണ് സിജു വില്‍സണ്‍. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്റെ പഠനകാലത്താണ് ഈ സംഭവം ഉണ്ടായതെന്ന് സിജു പറഞ്ഞു. ബാംഗ്ലൂരിലായിരുന്നു തന്റെ പഠനമെന്നും നേഴ്‌സിങ് പഠനകാലത്ത് ട്രെയിനിങ്ങിനായി ഹോസ്പിറ്റലില്‍ ഒരു മാസം ജോലി നോക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞു. തന്റെ ടീമിലുള്ളവര്‍ ഒബ്‌സര്‍വേഷന്‍ വാര്‍ഡിലുള്ളവരുടെ പള്‍സ് റീഡിങ്ങും മറ്റ് കാര്യങ്ങളും എഴുതി വേക്കേണ്ടി വരുമായിരുന്നെന്നും സിജു പറഞ്ഞു.

ഒരു ദിവസം ഡ്യൂട്ടി ടൈം തീരാറായ സമയത്ത് തന്റെ ജൂനിയറായ ഒരു പയ്യന്‍ പേഷ്യന്റിന്റെ പള്‍സ് നോക്കിക്കൊണ്ടിരിക്കുകയാണെന്നും പള്‍സ് കിട്ടാത്തതുകൊണ്ട് നോര്‍മല്‍ എന്ന് എഴുതിവെച്ചെന്നും സിജു പറഞ്ഞു. പിറ്റേന്ന് വന്നപ്പോഴാണ് അയാള്‍ ഒരു മണിക്കൂര്‍ മുമ്പ് മരിച്ചതാണെന്നും ഡോക്ടര്‍ വന്ന നോക്കിയിട്ട് ആ പയ്യനെ ചീത്ത വിളിച്ചെന്നും സിജു കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘നേരം സിനിമയുടെ ക്ലൈമാക്‌സില്‍ മരിച്ചയാളുടെ പള്‍സ് നോക്കുന്ന സീന്‍ ഉണ്ടല്ലോ, അത് എന്റെ ജീവിതത്തില്‍ നടന്ന കാര്യമാണ്. ഞാന്‍ നേഴ്‌സിങ് പഠിച്ചത് ബാംഗ്ലൂരിലായിരുന്നു. ആ സമയത്ത് ട്രെയിനിങ്ങിന്റെ ഭാഗമായിട്ട് ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഓരോ പേഷ്യന്റിന്റെയും കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളെ ഏല്പിക്കുമായിരുന്നു. ഒരു ദിവസം ഡ്യൂട്ടി ടൈം തീരാറായ സമയത്ത് എന്റെ ജൂനിയര്‍ പയ്യന്‍ ഒരാളുടെ പള്‍സ് നോക്കുകയായിരുന്നു.

ചില സമയത്ത് പെട്ടെന്ന പള്‍സ് റീഡിങ് കിട്ടില്ല. വണ്ടി മിസ്സാകുമെന്ന് പേടിച്ച് അവന്‍ പള്‍സും വൈറ്റല്‍സും നേര്‍മലെന്ന് എഴുതി വെച്ച് പെട്ടെന്ന ഇറങ്ങി. പിറ്റേന്ന് വന്നപ്പോള്‍ ഹെഡ് നേഴ്‌സ് അവനെ ചീത്ത വിളിച്ചു. കാരണം, അയാള്‍ ഒരു മണിക്കൂര്‍ മുമ്പ് മരിച്ചതാണ്. മരിച്ചയാള്‍ക്ക് നോര്‍മല്‍ പള്‍സ് എഴുതി വെച്ചത് കണ്ട് ഡോക്ടര്‍ ദേഷ്യപ്പെട്ടു,’ സിജു വില്‍സണ്‍ പറഞ്ഞു.

Content Highlight: Siju Wilson about climax scene in Neram movie

We use cookies to give you the best possible experience. Learn more