Entertainment
കണ്‍വിന്‍സിങ് സ്റ്റാറിന് ഇപ്പോള്‍ പഴയ റീച്ചില്ല; ഇടക്ക് വിളിച്ച് പരാതി പറയും: സിജു സണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 20, 03:28 am
Wednesday, 20th November 2024, 8:58 am

തെലുങ്ക് സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മലയാളത്തിലെ നടന്മാര്‍ക്ക് തമാശരൂപത്തില്‍ സ്റ്റാര്‍ ടൈറ്റിലുകള്‍ നല്‍കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം കാഴ്ചയാണ്. ഡെത്ത് സ്റ്റാര്‍, ചീറ്റിങ് സ്റ്റാര്‍ എന്നീ സ്റ്റാറുകള്‍ക്ക് ശേഷം കണ്‍വിന്‍സിങ് സ്റ്റാറായി ആരാധകര്‍ തെരഞ്ഞെടുത്തത് സുരേഷ് കൃഷ്ണയെ ആയിരുന്നു

സുരേഷ് കൃഷ്ണ അഭിനയിച്ച പല സിനിമകളിലും ആളുകളെ കണ്‍വിന്‍സ് ചെയ്ത് പറ്റിക്കുന്നുണ്ട് എന്നാണ് ഇതിന് കാരണമായി പറയുന്നത്. ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു സുരേഷ് കൃഷ്ണയെന്ന കണ്‍വിന്‍സിങ് സ്റ്റാര്‍. കണ്‍വിന്‍സിങ് സ്റ്റാര്‍ ഉണ്ടായത് എങ്ങനെയെന്ന് പറയുകയാണ് നടന്‍ സിജു സണ്ണി. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മരണമാസ്.

മരണമാസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് കണ്‍വിന്‍സിങ് സ്റ്റാര്‍ ഉണ്ടാകുന്നതെന്നും അത് തുടങ്ങുന്ന സമയത്ത് സുരേഷ് കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സ് ഏഴായിരമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അത് എഴുപതിനായിരം കഴിഞ്ഞുവെന്നും സിജു സണ്ണി പറയുന്നു.

എന്നാല്‍ ഇപ്പോള്‍ പഴയ റീച്ച് ഇല്ലെന്ന് സുരേഷ് കൃഷ്ണ വിളിച്ച് പരാതി പറയുമെന്നും അദ്ദേഹം വളരെ പാവമാണെന്നും സിജു സണ്ണി കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിജു സണ്ണി.

‘മരണമാസിന്റെ ലൊക്കേഷനില്‍ നിന്നാണ് കണ്‍വിന്‍സിങ് സ്റ്റാര്‍ ഉണ്ടാകുന്നത്. സുരേഷേട്ടന്‍ ഇന്‍സ്റ്റാഗ്രാമില്‍ അധികം ആക്റ്റീവ് അല്ല. കണ്‍വിന്‍സിങ് സ്റ്റാറിന്റെ പരിപാടി വന്നത് തന്നെ ഞങ്ങള്‍ അദ്ദേഹത്തിന്റെ ഫോണില്‍ അവിടെ ഇരുന്നുകൊണ്ട് ഫോട്ടോ ഇടുകയും കമന്റ് ഇടുകയും ഒക്കെ ചെയ്തിട്ടാണ്

അങ്ങനെയാണ് ഞങ്ങള്‍ വീഡിയോ എടുക്കുന്നത്. സുരേഷേട്ടന്‍ അങ്ങനെ റീലൊന്നും എടുക്കാറില്ല. പിന്നെ ഞങ്ങള്‍ എല്ലാവരും കൂടെ ഇരുന്നിട്ട് റീല്‍സെല്ലാം ചെയ്തു. മരണമാസ് ലൊക്കേഷനില്‍ നിന്നാണ് ഈ പരിപാടി തുടങ്ങുന്നത്. ഞങ്ങള്‍ അത് തുടങ്ങിയപ്പോള്‍ ഏഴായിരം എന്തോ ആയിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേര്‍സ്. പക്ഷെ ഇപ്പോള്‍ അത് എഴുപതിനായിരം മറ്റോ ആയിട്ടുണ്ട്.

കണ്‍വിന്‍സിങ് സ്റ്റാറില്‍ നിന്ന് ഞങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് അത്. സുരേഷേട്ടന്‍ ഇപ്പോള്‍ വിളിക്കുമ്പോള്‍ പറയും ‘സിജു,ഇപ്പോള്‍ റീച്ച് കുറവാണ്, പഴയപോലെ ഒന്നും ഇല്ല’ എന്ന്. പാവമാണ് സുരേഷേട്ടന്‍. ചെയ്യുന്ന കഥാപാത്രവുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് അദ്ദേഹം,’ സിജു സണ്ണി പറയുന്നു.

Content Highlight: Siju Sunny Talks About Suresh Krishna The Convincing Star