| Thursday, 22nd August 2024, 10:29 am

വാഴക്ക് വേണ്ടി പതിനഞ്ച് ദിവസം കൊണ്ട് വണ്ണം കുറച്ചു, വീണ്ടും വണ്ണം കൂട്ടി ആകെ ഭ്രാന്തായി: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ള്ള ചിതമാണ് വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ഗുരുവായൂരമ്പലനടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയില്‍ പ്രധാനവേഷങ്ങളില്‍ ഒരുപിടി പുതുമുഖങ്ങള്‍ ഉണ്ടായിരുന്നു.

വിപിന്‍ ദാസിന്റെ തന്നെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് വാഴ. വാഴയും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ചെയ്ത സിനിമയാണ്. ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ട് മുന്നേറുകയാണ്.

വാഴയിലും ഗുരുവായൂരമ്പലനടയിലും അഭിനയിച്ചവരാണ് സിജു സണ്ണിയും സാഫ്ബോയിയും ജോമോന്‍ ജ്യോതിറും. ഒരേ സമയം ചിത്രീകരിച്ച ഈ രണ്ടു സിനിമകളിലും രണ്ടു തരത്തിലുള്ള ശാരീരിക രൂപത്തിലാണ് മൂവരും എത്തിയിരിക്കുന്നത്. വാഴക്ക് വേണ്ടി വണ്ണം കുറച്ചതും ഗുരുവായൂരമ്പലനടക്കുവേണ്ടി വണ്ണം കൂട്ടിയതിനെ കുറിച്ചുമെല്ലാം ഒരുചിരി ഇരുചിരി ബമ്പര്‍ ചിരി എന്ന പരിപാടിയില്‍ പറയുകയാണ് സിജു സണ്ണി.

‘വാഴയും ഗുരുവായൂരമ്പലനടയും ഒരേ സമയത്ത് ഷൂട്ട് ചെയ്ത സിനിമകളായിരുന്നു. ഗുരുവായൂരമ്പലനടയില്‍ എനിക്കും ജോമോനും സാഫിനുമെല്ലാം നല്ല വണ്ണമാണ്. ആ സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോളാണ് പൃഥ്വിരാജ് ചേട്ടന്റെ കാലിന് പരിക്കുപറ്റി മൂന്നുമാസത്തേക്ക് ഷൂട്ടിങ്ങില്‍ ഇടവേള വന്നത്.

ഈ ഗ്യാപ്പിലാണ് വാഴ ഷൂട്ട് ചെയ്യുന്നത്. വാഴയിലും ഞാനും ജോമോനും സാഫിയും ഒക്കെ ഉണ്ട്. ആദ്യം ഞങ്ങളോട് പറഞ്ഞു ഒരു മാസത്തെ സമയം തരും എല്ലാവരും വണ്ണം കുറയ്ക്കണമെന്ന്. ഞങ്ങള്‍ എല്ലാവരും അത്യാവശ്യം വണ്ണമുള്ള സമയമായിരുന്നു അത്. വണ്ണം കുറയ്ക്കാനായി എന്തൊക്കയോ ഞങ്ങള്‍ ചെയ്തു. സൈക്ലിംഗ് ചെയ്തു, ജിമ്മില്‍ പോയി, ഫുഡ് നിയന്ത്രിച്ചു അങ്ങനെ എന്തൊക്കയോ ചെയ്ത് വണ്ണം കുറച്ചു.

എന്നിട്ട് വാഴയുടെ ഷൂട്ടിങ് നടന്നു. ഞങ്ങള്‍ ആ സിനിമയുടെ ഷൂട്ടിങ്ങില്‍ നില്‍ക്കുമ്പോഴാണ് അവര്‍ വന്ന് പറയുന്നത് ഗുരുവായൂരമ്പലനടയിലിന്റെ ഷൂട്ടിങ് വീണ്ടും തുടങ്ങുകയാണ് അതുകൊണ്ട് ഇരുപത് ദിവസത്തെ സമയം തരും എല്ലാവരും വണ്ണം കൂട്ടിയിട്ട് വരണമെന്ന്. പിന്നെ തടി കൂട്ടാന്‍ ഉള്ള ഓട്ടപ്പാച്ചില്‍ ആയിരുന്നു. എവിടുന്നൊക്കയോ എന്തൊക്കയോ കഴിക്കുന്നു, കഴിക്കുന്നതിനും ഒരു പരുതിയില്ലേ.

അങ്ങനെ ഞങ്ങള്‍ വണ്ണമെല്ലാം വെച്ച് ഗുരുവായൂരമ്പലനടയിലിന്റെ ഷൂട്ടിങ്ങിന് പോയി. അതുകഴിഞ്ഞതും വാഴയുടെ ഷൂട്ടിങ് തുടങ്ങുകയാണ് പതിനഞ്ച് ദിവസം തരാം വേഗം വണ്ണം കുറച്ചിട്ട് വരണമെന്ന് പറഞ്ഞു. ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞങ്ങള്‍. എന്തൊക്കയോ ചെയ്ത് വീണ്ടും പറഞ്ഞ ദിവസത്തിനുള്ളില്‍ ഞങ്ങള്‍ വണ്ണം കുറച്ചു,’ സിജു സണ്ണി പറയുന്നു.

Content  Highlight: Siju Sunny talks about physical transformation of Vazha movie  and Guruvayoor Ambalanadayil 

We use cookies to give you the best possible experience. Learn more