സോഷ്യല്‍ മീഡിയയിലൂടെ സിനിമയില്‍ എത്തിയവരില്‍ ഒരാളാണ് സിജു സണ്ണി. കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ചെയ്ത വീഡിയോകളിലൂടെയാണ് സിജു ശ്രദ്ധിക്കപ്പെടുന്നത്. 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം എന്ന ഹിറ്റ് സിനിമയിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ മുകേഷ് എന്ന കഥാപാത്രത്തെയാണ് സിജു സണ്ണി അവതരിപ്പിച്ചത്. പിന്നീട് പൃഥ്വിരാജ് ചിത്രമായ ഗുരുവായൂര്‍ അമ്പലനടയിലിലും നടന്‍ അഭിനയിച്ചു.
ഇപ്പോള്‍ ഓരോ സിനിമയിലും ഏറ്റവും സന്തോഷം തരുന്ന കാര്യം എന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിജു സണ്ണി. തന്നെ എപ്പോഴും കണ്‍ട്രോളര്‍മാര്‍ വിളിച്ച് ഡേറ്റുണ്ടോയെന്ന് ചോദിക്കുമ്പോഴാണ് വലിയ സന്തോഷം തോന്നാറുള്ളത് എന്നായിരുന്നു സിജുവിന്റെ മറുപടി. സിനിമയില്‍ അഭിനയിക്കണമെന്നത് താന്‍ ഒരുപാട് ആഗ്രഹിച്ച കാര്യമാണെന്നും അദ്ദേഹം പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിജു സണ്ണി.
‘എല്ലാ പടങ്ങളും എനിക്ക് സന്തോഷം തരുന്നതാണ്. കാരണം സിനിമയില്‍ അഭിനയിക്കണം എന്നത് ഞാന്‍ ഒരുപാട് ആഗ്രഹിച്ച കാര്യമാണ്. എന്നെ എപ്പോഴും കണ്‍ട്രോളര്‍മാര്‍ വിളിച്ച് ഡേറ്റുണ്ടോ എന്ന് ചോദിക്കുമ്പോഴാണ് എനിക്ക് വലിയ സന്തോഷം തോന്നാറുള്ളത്. ഹോ നമ്മളോട് ഡേറ്റുണ്ടോ എന്നൊക്കെ ചോദിച്ചു തുടങ്ങിയല്ലേ എന്ന് ചിന്തിക്കും (ചിരി). പണ്ടൊക്കെ നമ്മള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറിയിട്ടുണ്ട്.
കഥ നമ്മളോട് മൊത്തമായി പറഞ്ഞു തുടങ്ങി. നിങ്ങളുടെ റോള്‍ ഇങ്ങനെയാണ്, ഡയലോഗ് ഇതാണ് എന്നൊക്കെ പറഞ്ഞ് രണ്ടും മൂന്നും മണിക്കൂറെടുത്താണ് സിനിമയെ പറ്റി പറയുന്നത്. അതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷമാണ്. കൊള്ളാമെന്ന് തോന്നും. ഇഷ്ടപ്പെട്ട് ചെയ്യുന്ന പരിപാടിയാണ് സിനിമ. പണ്ട് സ്വപ്‌നം കണ്ട കാര്യങ്ങള്‍ ഇന്ന് റിയാലിറ്റി ആകുകയാണ്,’ സിജു സണ്ണി പറഞ്ഞു.
അതേസമയം ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാഴ. സിജു സണ്ണിക്ക് പുറമെ സോഷ്യല്‍ മീഡിയ താരങ്ങളായ സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, വിനായക്, ഹാഷിര്‍, അലന്‍, അജിന്‍ ജോയ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
Content Highlight: Siju Sunny Talks About His Happiness In Cinema