തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് രോമാഞ്ചം. ചിത്രത്തില്‍ മുകേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ സിജു സണ്ണിയാണ്. സിനിമയുടെ പിന്നണി കഥകള്‍ പങ്കുവെക്കുകയാണ് സിജു.
തന്റെ ഫോട്ടോ കണ്ടപ്പോള്‍ തന്നെ നിര്‍മാതാവ് ജോണ്‍, സിജു സിനിമയില്‍ വേണ്ടെന്ന് പറഞ്ഞിരുന്നു എന്നും സംവിധായകന്‍ ജിത്തു മാധവന്‍ നിര്‍ബന്ധം കൊണ്ടാണ് താന്‍ സിനിമയുടെ ഭാഗമായതെന്നും സിജു പറഞ്ഞു. തനിക്ക് വേണ്ടി ജിത്തു ഒരുപാട് ഫൈറ്റ് ചെയ്‌തെന്നും അതിനെ കുറിച്ച് നിര്‍മാതാവ് പല തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിജു സണ്ണി പറഞ്ഞു.
‘ഓരോ കഥാപാത്രങ്ങളെ കുറിച്ചും ജിത്തുവേട്ടന്‍ നിര്‍മാതാവ് ജോണേട്ടനോട് സംസാരിക്കുമായിരുന്നു. ഓരോരുത്തരുടെയും ഫോട്ടോയൊക്കെ കാണിച്ച് ജിത്തുവേട്ടന്‍ ജോണേട്ടന് പരിചയപ്പെടുത്തി കൊടുത്തു. അപ്പോള്‍ തന്നെ പുള്ളി പറഞ്ഞു സിജു വേണ്ടായെന്ന്. സിജു സിനിമക്ക് വര്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ ജിത്തുവേട്ടന്റെ നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ജോണേട്ടന്‍ എന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ജിത്തു നിനക്ക് വേണ്ടി ഒരുപാട് ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന്. പിന്നെ കണ്ട് കണ്ട് പുള്ളിക്കും ഓക്കെയായി. അതായത് പ്രൊഡ്യൂസര്‍ തന്നെ വേണ്ടെന്ന് പറഞ്ഞ ഒരാളാണ് ഞാന്‍.
ബാക്കി എല്ലാവരും സെറ്റാണ് സിജുവിനെ വേണ്ടെന്നാണ് പ്രൊഡ്യൂസര്‍ പറഞ്ഞത്. ചെമ്പന്‍ ചേട്ടന്റെ സീന്‍ നേരത്തെ പ്ലാന്‍ ചെയ്തതാണ്. പക്ഷെ അത് പെട്ടെന്നാണ് ഷൂട്ട് ചെയ്തത്. ആ സമയം ചെന്നൈയില്‍ വിക്രത്തിന്റെ ഷൂട്ട് നടക്കുകയായിരുന്നു. അതുപോലെ തന്നെ തല്ലുമാലയുടെ ഷൂട്ടിനായി ദുബായ്ക്ക് പോകണം.
ആകെ ഒറ്റ രാത്രി മാത്രമാണ് പുള്ളി ഇവിടെയുള്ളത്. അങ്ങനെയാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. ക്രൂവെല്ലാം ഓടി നടന്നാണ് അത് ഷൂട്ട് ചെയ്തത്. അതിന്റെ ഔട്ട് എന്തായാലും രസകരമായി വന്നു. ഒരുപാട് ആളുകള്‍ക്ക് ഇഷ്ടപ്പെട്ട സീനായിരുന്നു അത്. പലരും ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ആ സീനിനെ കുറിച്ചാണ്,’ സിജു സണ്ണി പറഞ്ഞു.
content highlight: siju sunny talks about director jithu madhav