| Wednesday, 29th May 2024, 11:31 am

സുഷിനേട്ടന്റെ മ്യൂസിക് കേൾക്കാനായി മുപ്പതിലേറെ തവണ ആ ചിത്രം തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട്: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്ത് തിയേറ്ററിൽ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു രോമാഞ്ചം. സൗബിൻ ഷാഹിർ, അർജുൻ അശോകൻ തുടങ്ങിയവരോടൊപ്പം മറ്റ് യുവതാരങ്ങളും ഒന്നിച്ച ചിത്രം ഹൊറർ കോമഡി ഴോണറിൽ ഇറങ്ങിയ പടമായിരുന്നു.

ചിത്രത്തിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു സിജു സണ്ണി അവതരിപ്പിച്ച മുകേഷ് എന്ന വേഷം. ഇൻസ്റ്റാഗ്രാം, സോഷ്യൽ മീഡിയ വീഡിയോകളിലൂടെ സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ സിജു പ്രേക്ഷകർക്ക് സുപരിച്ചതനായിരുന്നു.

ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലും സിജു ഭാഗമായിട്ടുണ്ട്.

രോമാഞ്ചം ഒരു മുപ്പത് വട്ടത്തോളം തിയേറ്ററിൽ ചെന്ന് കണ്ടിട്ടുണ്ട് എന്നാണ് സിജു പറയുന്നത്. രണ്ട് വട്ടം കണ്ടപ്പോൾ തന്നെ കഥ മനസിലായെന്നും എന്നാൽ സുഷിൻ ശ്യാമിന്റെ സംഗീതം വീണ്ടും കേൾക്കാനാണ് സിനിമ ആവർത്തിച്ച് കണ്ടതെന്ന് സിജു പറയുന്നു.

‘എനിക്ക് തോന്നുന്നത് രോമാഞ്ചം ഞങ്ങൾ ഒരു മുപ്പത് വട്ടം തിയേറ്ററിൽ നിന്ന് കണ്ടിട്ടുണ്ടാവും. പടം ഇറങ്ങുന്നതിന് മുമ്പ് ഏഴുവട്ടം കണ്ടു. അതിന് മുമ്പ് പ്രിവ്യൂ ഒരുപാട് വട്ടം കണ്ടു.

ഒരു രണ്ട് വട്ടം കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് പടം എല്ലാം മനസിലായി. പക്ഷെ സുഷിൻ ചേട്ടന്റെ മ്യൂസിക് കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും കണ്ടു. ഞങ്ങൾ ഇങ്ങനെ ഇരിക്കുകയായിരുന്നു. കാരണം അതൊരു ലൂപ് പോലെയായിരുന്നു.

പിന്നീട് പടം കഴിഞ്ഞ് തിയേറ്റർ വിസിറ്റിന് പോയപ്പോൾ എല്ലായിടത്തു നിന്നും പടം കണ്ടു. എനിക്ക് തോന്നുന്നു കേരളത്തിലെ മിക്കവാറും ജില്ലകളിൽ ഞങ്ങൾ തിയേറ്റർ വിസിറ്റിന് പോയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും പോയിട്ടുണ്ട്. എല്ലാവരുടെയും റിയാക്ഷൻ കാണാൻ കഴിഞ്ഞു,’സിജു സണ്ണി പറയുന്നു.

Content Highlight: Siju Sunny Talk About Romancham Movie

We use cookies to give you the best possible experience. Learn more