| Tuesday, 21st September 2021, 2:26 pm

ഇരുകൈയ്യിലും പുരസ്‌കാരമേന്തി പൃഥ്വിരാജ്; തമിഴിലും മലയാളത്തിലും മികച്ച നടിയായി മഞ്ജു; സന്തോഷം പങ്കുവെച്ച് താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൈമ അവാര്‍ഡില്‍ ഇരട്ടിനേട്ടുമായി മലയാളത്തിന്റ പ്രിയതാരം പൃഥ്വിരാജ്. ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരവുമായിരുന്നു പൃഥ്വിരാജിനെ തേടിയെത്തിയത്. സൈമയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് രണ്ട് അവാര്‍ഡുകളുമായി നില്‍ക്കുന്ന ചിത്രവും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

പൃഥ്വിരാജിന് പുറമെ നടി മഞ്ജു വാര്യര്‍ക്കും രണ്ട് അവാര്‍ഡുകള്‍ ഇത്തവണ ലഭിച്ചിരുന്നു. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജു നേടിയത്. പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെയുമാണ് മഞ്ജു മികച്ച നടിയായി മാറിയത്.

ഷൂട്ടിങ് തിരക്കുകള്‍ ആയതിനാല്‍ മഞ്ജുവിനു വേണ്ടി മലയാളത്തിന്റെ പുരസ്‌കാരം ആന്റണി പെരുമ്പാവൂരും തമിഴിലേത് സംവിധായകന്‍ വെട്രിമാരനുമാണ് ഏറ്റുവാങ്ങിയത്. അതേസമയം അസുരനിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനായും തെരഞ്ഞെടുത്തു.

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്‌കാരം. ഇതില്‍ 2019 ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ (ലൂസിഫര്‍) ആണ്. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് നിവിന്‍ പോളിയ്ക്കുമാണ്.

മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: SIIMA Awards Prithviraj Manju Warrier

We use cookies to give you the best possible experience. Learn more