നസ്‌ലന്‍ നായകനാവുമ്പോള്‍ എന്തുകൊണ്ട് മാത്യു?
Film News
നസ്‌ലന്‍ നായകനാവുമ്പോള്‍ എന്തുകൊണ്ട് മാത്യു?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th July 2023, 8:28 pm

അരുണ്‍ ഡി. ജോസിന്റെ സംവിധാനത്തില്‍ നസ്‌ലന്‍ നായകനായ ചിത്രമാണ് 18 പ്ലസ്. 2019 മുതല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ സിനിമാ രംഗത്തുള്ള നസ്‌ലന്‍ ആദ്യമായി നായകനാവുന്ന ചിത്രമെന്ന സവിശേഷതയും 18 പ്ലസിനുണ്ട്. ജോ ആന്‍ഡ് ജോയ്ക്ക് ശേഷം ആരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, മാത്യു-നസ്‌ലന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നീ നിലയ്‌ക്കെല്ലാം പ്രഖ്യാപനം മുതല്‍ തന്നെ 18 പ്ലസ് ശ്രദ്ധ നേടിയിരുന്നു. ഈ കൂട്ടുകെട്ട് ഒന്നിച്ച് വന്ന സിനിമകളിലെല്ലാം നായകനായിരുന്ന മാത്യു സഹനടനാകുന്നു എന്നതും 18 പ്ലസിന്റെ ഒരു പ്രത്യേകതയായിരുന്നു.

Spoiler Alert

കൗമാരക്കാരന്റെ ആശങ്കകളുള്ള, കൗമാരക്കാലത്തോട് ബന്ധപ്പെട്ട പ്രശ്‌നങ്ങളനുഭവിക്കുന്ന, ഒരു തരത്തില്‍ പറഞ്ഞാല്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട കഥാപാത്രങ്ങളായിരുന്നു കരിയറില്‍ ഭൂരിഭാഗവും മാത്യു ചെയ്തിരുന്നത്. അങ്ങനെ നോക്കിയാല്‍ 18 പ്ലസിലേത് വ്യത്യസ്തമായ ഒന്നായിരുന്നു.

മുരടനും ഗൗരവക്കാരനുമായ ഒരു സുഹൃത്ത് നമുക്കെല്ലാവര്‍ക്കും കാണും. അതിനാല്‍ തന്നെ കൗമാരപ്രായക്കാര്‍ക്കും അത് കഴിഞ്ഞവര്‍ക്കുമെല്ലാം ഈ കഥാപാത്രത്തോട് കണക്ട് ചെയ്യാന്‍ പറ്റും. മാത്യുവും നസ്‌ലനും ബൈക്കിലിരുന്ന് വണ്ടി വില്‍ക്കുന്ന കാര്യം സംസാരിക്കുന്നതും കല്യാണത്തിന്റെ ഡിസ്‌കഷനും പ്രേക്ഷകരെ എന്‍ഗേജിങ്ങാക്കുന്നതായിരുന്നു.

മുരടനായ കഥാപാത്രം ഇതുവരെ ചെയ്തതില്‍ നിന്നും മാത്യുവിന് ഒരു വ്യത്യസ്തത നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ക്ലൈമാക്‌സിലെ ഇടപെടലും അപ്പോഴുള്ള ഡയലോഗുകളും അദ്ദേഹത്തെ കൊണ്ട് എടുത്താല്‍ പൊങ്ങാത്ത പോലെ തോന്നി. ആ ട്വിസ്റ്റും പ്രെഡിക്ടബിളായിരുന്നു.

ഇത്രയും മാര്‍ക്കറ്റ് വാല്യു ഉള്ള താരത്തെ വെറുതെ കൂട്ടുകാരനാക്കിയാലുള്ള പ്രശ്‌നം അവിടെ പരിഹരിക്കാനായിരുന്നോ സംവിധായകന്‍ ശ്രമിച്ചത്? ഇനി അങ്ങനെയല്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്റ്റാര്‍ വാല്യു തന്നെയാണ് ക്ലൈമാക്‌സില്‍ പ്രെഡിക്റ്റബിളിറ്റി ഉണ്ടാക്കുന്നത്. മാത്യുവിനെ പോലെ ഒരാളെ വെറുതെ കൊണ്ടുവന്നതല്ലെന്ന് ഊഹിക്കാവുന്നതാണ്.

മാര്‍ക്കറ്റ് സൈഡ് ഭദ്രമാക്കാനാണോ ഈ കാസ്റ്റിങ്ങെന്നും സംശയിക്കാം. ഹിറ്റ് കോമ്പിനേഷന്‍ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളുണ്ടാകാം.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നസ്‌ലനും മാത്യുവും മാലയും ബൊക്കയും ഇട്ട് നില്‍ക്കുന്ന ഗേ കപ്പിള്‍സ് സൂചന നല്‍കിയ പോസ്റ്ററും ഒരു മാര്‍ക്കറ്റിങ് സ്ട്രാറ്റജി തന്നെയായിരുന്നു. എന്നാല്‍ ചിത്രവുമായി പുലബന്ധമില്ലാത്തതാകാമോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍? എന്തായാലും ക്ലൈമാക്‌സിലെ കല്ലുകടി ഒഴിച്ചാല്‍ മികച്ചൊരു കഥാപാത്രമായിരുന്നു മാത്യുവിന്റെ ദീപക്.

Content Highlight: significance of mathew’s casting in 18 plus movie