മുംബൈ: വി.ഡി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ശിവസേനയില്‍ നിന്ന് വന്നത്. വിവാദമൊന്ന് കെട്ടടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ കോളിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
തന്റെ തിരക്കേറിയ യാത്രക്കിടയിലും ഒരു രാഷ്ട്രീയ സഹപ്രവര്‍ത്തകനോട് മനുഷ്യത്വവും കരുതലും കാണിച്ചു എന്നായിരുന്നു റാവത്തിന്റെ പ്രശംസ.
ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്നിട്ടും രാഹുല്‍ എന്നെ വിളിച്ചു. അദ്ദേഹം എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ സഖ്യകക്ഷി നേതാവിനെ കള്ളക്കേസില്‍ കുടുക്കി 110 ദിവസം ജയിലിലടച്ചതില്‍ തനിക്ക് ഖേദം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു.
‘ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഒരു രാഷ്ട്രീയ സഹപ്രവര്‍ത്തകനോട് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നത് മനുഷ്യത്വത്തിന്റെ അടയാളമാണ്. കൂടാതെ രാഹുല്‍ ജി തന്റെ യാത്രയില്‍ സ്നേഹത്തിലും കരുതലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്,’ സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് മഹാവികാസ് അഘാഡി സഖ്യം വിടുമെന്ന സൂചന ശിവസേന നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജയ് റാവത്തിന്റെ ഇപ്പോഴത്തെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
ശിവസേനയെ സംബന്ധിച്ചിടത്തോളം സവര്‍ക്കറെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഗൗരവമേറിയതാണെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈയൊരുഘട്ടത്തില്‍ കോണ്‍ഗ്രസ് സവര്‍ക്കര്‍ വിഷയം ഉയര്‍ത്തേണ്ടതില്ലായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
രാഹുലിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും സവര്‍ക്കറോട് തങ്ങള്‍ക്ക് എന്നും വലിയ ബഹുമാനമാണുള്ളതെന്നും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സവര്‍ക്കര്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രതീകമാണെന്നും രണ്ട് മൂന്ന് വര്‍ഷം ആന്‍ഡമാനില്‍ ജയിലില്‍ കിടന്നപ്പോള്‍ ദയാഹര്‍ജി എഴുതാന്‍ തുടങ്ങിയെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതി കൊടുത്ത മാപ്പപേക്ഷയുടെ പകര്‍പ്പ് എടുത്ത് കാണിച്ചും രാഹുല്‍ പ്രതികരണം നടത്തിയിരുന്നു.