'ബ്ലാസ്റ്റേഴ്സിന് എന്നേക്കാള്‍ വിശ്വാസം ഗുഡ്‌ജോണില്‍; ടീം വിടാന്‍ കാരണം പരിക്കായിരുന്നില്ല'; ഗോവയിലേക്ക് ചേക്കേറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സിഫ്‌നിയോസ്
ISL
'ബ്ലാസ്റ്റേഴ്സിന് എന്നേക്കാള്‍ വിശ്വാസം ഗുഡ്‌ജോണില്‍; ടീം വിടാന്‍ കാരണം പരിക്കായിരുന്നില്ല'; ഗോവയിലേക്ക് ചേക്കേറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സിഫ്‌നിയോസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st January 2018, 12:07 pm

പനാജി: വിജയ വഴിയിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മാര്‍ക്ക് സിഫ്‌നിയോസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നത്. താരത്തിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചു. എങ്കിലും താരം ഡച്ച് നാഷണല്‍ ടീമിനൊപ്പം ചേരാനാണ് ടീം വിടുന്നതെന്ന് കേട്ടതോടെ ആരാധകര്‍ വേദനയോടെയെങ്കിലും താരത്തെ യാത്രയാക്കി. പക്ഷെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് താരം എഫ്.സി ഗോവയിലേക്ക് ചേക്കേറുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ ഇത്രയും നാള്‍ സ്‌നേഹിച്ച മഞ്ഞപ്പട താരത്തിനെതിരെ തിരിഞ്ഞു.

താരം ചെയ്തത് ധാര്‍മ്മികതയ്ക്കു നിരക്കാത്തതാണെന്നും വഞ്ചനയാണെന്നുമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണം. അതേസമയം താരത്തിന്റേത് പ്രൊഫഷണല്‍ നീക്കമാണെന്നും അഭിപ്രായപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കി സിഫ്‌നിയോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിഫ്നിയോസ് മനസ്സുതുറന്നത്. ഇത്ര പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന് കരുതിയിരുന്നില്ലെന്നും ബ്ലാസ്റ്റേഴ്സിലേക്കുള്ളത് അവസാന വരവായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും സിഫ്നിയോസ് പറയുന്നു.

“ബ്ലാസ്റ്റേഴ്സില്‍ കളിക്കുമ്പോള്‍ പരിക്ക് മൂലമല്ല പുറത്തിരുന്നത്. കേരള ടീമിന്റെ കോച്ചിങ് സ്റ്റാഫിലെ മാറ്റങ്ങളുണ്ടായപ്പോള്‍ ടീം വിടുന്നതാണ് നല്ലതെന്ന് തോന്നി. യൂറോപ്പിലെ ഒരു മികച്ച ക്ലബ്ബില്‍ നിന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സീസണിന്റെ പകുതിയ ആയതിനാല്‍ അവസരങ്ങളും കുറവായിരുന്നു. പിന്നീടുള്ളത് വായ്പാ അടിസ്ഥാനത്തിലുള്ള കൈമാറ്റമാണ്. പക്ഷേ അത് സങ്കീര്‍ണമായിരുന്നു.” സിഫ്നിയോസ് പറയുന്നു.

ഈ അവസരത്തിലായിരുന്നു ഗോവയില്‍ നിന്നും വിളി വന്നതെന്നും ഗോവയുടെ പ്രധാന സ്‌ട്രൈക്കര്‍ റോള്‍ ഏറ്റെടുക്കാന്‍ പരിശീലകന്‍ സെര്‍ജിയോ ലോബ്ര പറഞ്ഞപ്പോള്‍ അത് വേണ്ടെന്നു വെക്കാന്‍ സാധിച്ചില്ലെന്നും സിഫ്‌നിയോസ് പറയുന്നു.

“രണ്ടു സ്പാനിഷ് സ്ട്രൈക്കര്‍മാരേക്കാള്‍ പ്രധാന്യം എനിക്ക് നല്‍കുമെന്നും കോച്ച് പറഞ്ഞു. അതോടെ ഇന്ത്യയിലേക്ക് വീണ്ടും വരാന്‍ തീരുമാനിക്കുകയായിരുന്നു.”

അതേസമയം, റെനെ മ്യൂളന്‍സ്റ്റീന്‍ ടീം വിട്ടതോടെ ടീമില്‍ തന്റെ റോളിന് മാറ്റം വന്നുവെന്നും മുമ്പുള്ളതു പോലെയുള്ള സാഹചര്യമല്ല പിന്നീടുണ്ടായതെന്നും സിഫ്നിയോസ് പറയുന്നുപ. “ബ്ലാസ്റ്റേഴ്സിന് എന്നേക്കാള്‍ വിശ്വാസം ഗുഡ്‌ജോണിലുണ്ട്. ടീം വിട്ടത് എന്റേയും ബ്ലാസ്റ്റേഴ്സിന്റേയും നല്ലതിന് വേണ്ടിയാണ്.” സിഫ്നിയോസ് കൂട്ടിച്ചേര്‍ത്തു.