| Friday, 27th July 2018, 2:39 pm

ഇവള്‍ സിഫിയ; സ്വന്തം ജീവിതത്തിന് മാത്രമല്ല; അപരന് വേണ്ടിയും പോരാടുന്നവള്‍

എ പി ഭവിത

തെരുവിലേക്ക് എടുത്തെറിയപ്പെട്ട പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ പേരാണ് ചിതല്‍. സിഫിയ ഹനീഫ് എന്ന ചിതല്‍ അധ്വാനിക്കുന്നത് സ്വന്തം ജീവിതം സുന്ദരമാക്കാനല്ല. സഹജീവികളുടെ  വേദനകള്‍ ഇല്ലാതാക്കുവാനാണ്. സിഫിയ നിങ്ങളോട് സ്വയം പരിചയപ്പെടുത്തുക ചിതലെന്നാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകുന്നവര്‍ക്ക് ആശ്രയമാണ് ചിതലും സിഫിയ ഹനീഫും. തളര്‍ന്നു പോകുമായിരുന്ന ജീവിതഘട്ടങ്ങളെ അസാമാന്യ ധൈര്യത്തോടെ അതിജീവിച്ചവള്‍ മറ്റുള്ളവര്‍ക്കും അത് പകര്‍ന്ന് നല്‍കുന്നു. സിഫിയ ജീവിതം പറയുന്നു.

പാലക്കാട് മംഗലംപാലം സ്വദേശിനിയാണ്. സാമൂഹ്യ പ്രവര്‍ത്തകയാണ്. ചിതല്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നു. അവര്‍ക്ക് സഹായമെത്തിക്കുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പതിനാറാം വയസ്സില്‍ വിവാഹിതയായി. ഇരട്ടി പ്രായമുള്ള ഭര്‍ത്താവിനൊപ്പം അപരിചിതമായ ബെംഗളൂരു നഗരത്തിലെത്തി. പതിനേഴാം വയസ്സില്‍ ആദ്യ കുഞ്ഞ്. പത്തൊമ്പതാം വയസ്സില്‍ രണ്ടാമത്തെ കുഞ്ഞ്. വിനോദ യാത്ര പോയ ഭര്‍ത്താവ് പുഴയില്‍ കാല്‍തെറ്റ് വീണ് ജീവിതത്തില്‍ തനിച്ചാക്കി കടന്നു പോയി.

ഭര്‍തൃഗൃഹത്തിലും സ്വന്തം വീട്ടിലും ഒറ്റപ്പെട്ടതോടെ ആര്‍ക്കും ഭാരമാകാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ തീരുമാനിച്ചു. പ്ലസ് വണ്ണില്‍ നിര്‍ത്തിയ പഠനം തുടരണം. ജോലി നേടണം. ട്യൂഷനെടുത്ത് ഡിഗ്രി വരെ പഠിച്ചു. എന്നാല്‍ ചുറ്റുപാട് നിന്നുള്ള എതിര്‍പ്പുകള്‍ കൂടി വന്നു.വിധവ വീട്ടിലിരിക്കാതെ ജോലി തേടാന്‍ പോകുന്നതായിരുന്നു എതിര്‍പ്പിന് കാരണം. ഒടുവില്‍ മൂത്തമകനെ വീട്ടുകാരെ ഏല്‍പ്പിച്ച് ഇളയമകനൊപ്പം ബെംഗളൂരിവില്‍ എത്തി. അന്ന് ഭര്‍ത്താവിനൊപ്പം വന്ന പരിചയം മാത്രം. തീര്‍ത്തും അപരിചിതമായി തോന്നി.

പരിചയക്കൊരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തെരുവിലായി ജീവിതം. പട്ടിണിയും തണുപ്പും. മുലപ്പാല്‍ പോലും കിട്ടാതെ കുഞ്ഞ് അവശനായി. രാത്രി ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നതിനിടെ വീണ് പോകുമെന്ന ഘട്ടത്തിലാണ് രണ്ട് കൈകള്‍ താങ്ങിയത്. തമിഴ്‌നാട്ടുകാരിയായ ചണമില്‍ തൊഴിലാളിയായിരുന്നു അവര്‍. അന്ന് രാത്രി ഭക്ഷണവും താമസിക്കാന്‍ ഒരിടവും തന്നു. പിറ്റേ ദിവസം കന്യാസ്ത്രീകള്‍ നടത്തുന്ന അഗതി മന്ദിരത്തിലെത്തിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മകനെ അഗതിമന്ദിരത്തില്‍ ഏല്‍പ്പിച്ച് തൊഴില്‍ തേടി ഇറങ്ങി. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കോള്‍ സെന്ററില്‍ ജോലി കിട്ടി. ആദ്യ ശമ്പളം കിട്ടിയ ദിവസം മകനൊപ്പം അന്തിയുറങ്ങിയ ശിവാജി നഗറിലെ പട്ടിണിക്കാരായ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കി. പിന്നീട് എല്ലാ മാസവും ഇത് തുടര്‍ന്നു. ഇതിനിടെ കുഞ്ഞിന് രോഗം പിടിപെട്ടു. ഏഴ് മാസത്തെ ബെംഗളൂരു ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി

ട്യൂഷന്‍ ക്ലാസ്സുകള്‍ വീണ്ടും ആരംഭിച്ചു. വിധവകളാവുന്നതോടെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് ജീവിതത്തെ നേരിടാന്‍ കരുത്ത് നല്‍കുവാനുള്ള ശ്രമവും ഇതേ കാലത്ത് തുടങ്ങി. ചിതല്‍ എന്ന ഫേസ്ബുക്ക് പേജ് തുടങ്ങി. കഥകളായും ചെറിയ കുറിപ്പുകളായി ഇവരുടെയെല്ലാം പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു. വിവിധ ജില്ലകളിലായി ആദിവാസികള്‍ ഉള്‍പ്പെടെ 52 കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്. തീര്‍ത്തും പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കാനും കഴിഞ്ഞു.

ബി.എഡ് പഠനം കഴിഞ്ഞ് താല്ക്കാലിക ജോലി നേടി. ട്യൂഷനും തുടരുന്നു. എന്‍.എസ്.എസ് ക്യാമ്പുകളിലും സ്‌കൂളുകളില്‍ പോയി മോട്ടിവേഷന്‍ ക്ലാസ്സുകളെടുക്കും. മോട്ടിവേഷന്‍ ക്ലാസ്സിന് പോയാല്‍ 5000 മുതല്‍ 10000 രൂപ വരെ ലഭിക്കും. ഉപ്പയുടെ സഹായത്തോടെ സൈക്കിള്‍ ഷോപ്പ് നടത്തുന്നുണ്ട്. ഇതിലൂടെയെല്ലാം കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് ചിതലിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നത്. കുടുംബം ഇപ്പോള്‍ നല്ല പിന്തുണ തരുന്നു. എന്നാല്‍ പുറത്ത് നിന്നുള്ളവരുടെ സഹായം ഇപ്പോള്‍ കുറവാണ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രധാനമായും സഹായം കിട്ടിയിരുന്നത്. ഇപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റുകള്‍ക്ക് പ്രതികരണം കുറവാണ് ലഭിക്കുന്നത്.

മാസം 52 കുടുംബങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നത് ഇപ്പോള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മളെ ആശ്രയിച്ചാണ് അവരെല്ലാം ജീവിക്കുന്നത്. തീര്‍ത്തും കിടപ്പിലായിപ്പോയവരും ഉണ്ട്. പലരുടെയും ആശുപത്രി ചിലവുകള്‍ക്ക് സുഹൃത്തുക്കളുടെ സഹായം തേടുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ ഫണ്ട് തീരെ കുറവായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് നേരിട്ടു. നമ്മളെ പ്രതീക്ഷിച്ച് നില്‍ക്കുന്ന കുടുംബങ്ങളല്ലേ. പുതിയ ആളുകള്‍ക്ക് സഹായം നല്‍കുന്നത് ഇപ്പോള്‍ ചിന്തിക്കാന്‍ പറ്റുന്നില്ല. നില്‍ക്കാനും ഇരിക്കാനും സമയമില്ലാതെ സഹായം എത്തിച്ചിരുന്നതാണ്. ഇപ്പോള്‍ വളരെ കുറഞ്ഞു.

ജനങ്ങളുടെ പിന്തുണ കുറഞ്ഞു. സുഹൃത്തുക്കളുടെ സഹായത്തോടെ പരിപാടികള്‍ സംഘടിപ്പിച്ച് ഫണ്ട് കണ്ടെത്താനാണ് ശ്രമം. ജനപ്രതിനിധികളുടെ സഹായവും തേടിയിട്ടുണ്ട്. ഒരുപാട് വെല്ലുവിളി നേരിട്ടാണ് ഇതൊക്ക ചെയ്യുന്നത്. ആരോടും ഷെയര്‍ ചെയ്യാനും കഴിയില്ല. എന്നെങ്കിലും പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് ഇവര്‍ക്ക് മുമ്പത്തെ പോലെ സഹായം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഇവരെയൊന്നും ഉപേക്ഷിക്കാന്‍ കഴിയില്ല.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more