| Monday, 23rd January 2023, 3:10 pm

ഒരു പന്തില്‍ നിന്ന് മാത്രം 16 റണ്‍സെടുക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്; എന്നാലും സ്മിത്തേ, ഇത്തിരി മയമൊക്കെ വേണ്ടേ...

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ മാരക ഫോം തുടര്‍ന്ന് സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ രണ്ട് മത്സരത്തിലും തുടര്‍ച്ചയായി സെഞ്ച്വറി പൂര്‍ത്തിയാക്കിയ സ്മിത്തിന് ഇത്തവണ സെഞ്ച്വറിയടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ സാധിച്ചു.

33 പന്തില്‍ നിന്നും ആറ് സിക്‌സറും നാല് ബൗണ്ടറിയുമടക്കം 200 സ്‌ട്രൈക്ക് റേറ്റില്‍ 66 റണ്‍സാണ് സ്മിത്ത് അടിച്ചു കൂട്ടിയത്.

സ്മിത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിനെക്കാളും രസകരമായ ഒരു ബൗളിങ് പെര്‍ഫോമന്‍സാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു ലീഗല്‍ ഡെലിവെറിയില്‍ നിന്നും 16 റണ്‍സ് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചതോടെയാണ് സിഡ്‌നി സിക്‌സേഴ്‌സും സ്റ്റീവ് സ്മിത്തും ചര്‍ച്ചയിലേക്കുയര്‍ന്നത്.

സിഡ്‌നി സിക്‌സേഴ്‌സ് – ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് മത്സരത്തിലാണ് സ്മിത്തിന്റെ ഈ അണ്‍യൂഷ്വല്‍ ബാറ്റിങ് പെര്‍ഫോമന്‍സ് പിറന്നത്.

സിഡ്‌നി ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലായിരുന്നു സംഭവം. ഹൊബാര്‍ട്ട് ബൗളര്‍ ജോയല്‍ പാരിസായിരുന്നു നിര്‍ഭാഗ്യവാനായ ആ ബൗളര്‍.

രണ്ടാം ഓവറിലെ മൂന്നാം പന്ത് സ്മിത് സിക്‌സറിന് തൂക്കിയിരുന്നു. എന്നാല്‍ ആ പന്ത് നോ ബോളായി അമ്പയര്‍ വിധിയെഴുതി. ഫ്രീ ഹിറ്റ് ഡെലിവറി വൈഡായി ബൗണ്ടറിയിലെത്തിയതോടെ അഞ്ച് റണ്‍സ് കൂടി സിഡ്‌നി ടോട്ടലിലേക്ക്. അടുത്ത പന്ത് ബൗണ്ടറിയടിച്ചതോടെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ പിറന്നത് 16 റണ്‍സ്!

0, 0, 7nb, 5wd, 4, 4, 1, 0 എന്നിങ്ങനെയായിരുന്നു രണ്ടാം ഓവറില്‍ സിഡ്‌നി അടിച്ചെടുത്തത്.

ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ ആറ് റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ രണ്ടാം ഓവര്‍ കഴിഞ്ഞപ്പോള്‍ സിഡ്‌നി ടോട്ടല്‍ 27ലെത്തി.

ടീം സ്‌കോര്‍ 55ല്‍ നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്‌സിനെ സിഡ്‌നിക്ക് നഷ്ടമായി. 16 പന്തില്‍ നിന്നും എട്ട് റണ്‍സ് നേടിയാണ് ഫിലിപ്പ് പുറത്തായത്.

ടീം സ്‌കോര്‍ 87ല്‍ നില്‍ക്കവെ സ്മിത്തും പുറത്തായി. നഥാന്‍ എല്ലിസാണ് ഇരുവരെയും മടക്കിയത്.

നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ 113ന് അഞ്ച് എന്ന നിലിയിലാണ് സിഡ്‌നി സിക്‌സേഴ്‌സ്.

Content highlight: Sidney Sixers scored 16 runs off one legal delivery

We use cookies to give you the best possible experience. Learn more