| Tuesday, 19th December 2017, 6:15 pm

ദിലീപിന്റെ ഇടപെടല്‍ കാരണം അക്രമിക്കപ്പെട്ട നടിയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു; സിദ്ധിഖ് അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ താരങ്ങള്‍ നല്‍കിയ മൊഴികള്‍ പുറത്ത്. ദിലീപിന്റെ ഇടപെടലിലൂടെ നടിക്ക് സിനിമകളില്‍ അവസരം നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്ന് നടന്‍ സിദ്ധിഖ് അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്.

അക്രമിക്കപ്പെട്ട നടിയെ ലാലിന്റെ വീട്ടില്‍ പോയി കണ്ടിരുന്നെന്നും പിന്നീട് ഈ സംഭവത്തെ കുറിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ താനും ദിലീപും ഒരുമിച്ചാണ് പോയതെന്നും പറയുന്ന സിദ്ധിഖ് യാത്രയില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞിരുന്നെന്നും പറയുന്നു.

2013 ല്‍ നടന്ന മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍വെച്ച് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി താന്‍ അറിഞ്ഞിരുന്നെന്നും സിദ്ധിഖിന്റെ മൊഴിയില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവാണ് മൊഴിയുടെ പൂര്‍ണ്ണരൂപം പുറത്ത് വിട്ടത്.

സിദ്ധിഖിന്റെ മൊഴിയുടെ പൂര്‍ണരൂപം

ഞാന്‍ 1987 മുതല്‍ മലയാളസിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഞാന്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്.

2017 ഫെബ്രുവരി 13 -ാം തീയതി രാവിലെ എന്റെ ഫോണില്‍ ഞാന്‍ നോക്കിയപ്പോള്‍ നിര്‍മാതാവ് ആന്റോ ജോസഫിന്റെ നമ്പറില്‍ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോള്‍ കണ്ടിരുന്നു. തുടര്‍ന്ന് ഞാന്‍ പുലര്‍ച്ചെ 06.30 മണിയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന്‍ ലാലിന് കൊടുക്കുകയും ലാല്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോല്‍ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ എന്നോട് പറഞ്ഞു.

ഞാന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടില്‍ നിന്നും ഞാന്‍ മടങ്ങി. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്.

യാത്രാമധ്യേ കാറിലിരുന്ന് താന്‍ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു. ദിലീപും നടിയും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. 2013 ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയില്‍ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു.

റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ട നടി കാവ്യയെ കുറിച്ച് മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു. ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല.

ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more