'അദ്ദേഹത്തെ ചെറുപ്പം മുതല്‍ അറിയാം; എന്നെ നീക്കി മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹത്തിന് ആഗ്രഹം'; സിദ്ദുവിനെതിരേ അമരീന്ദര്‍ സിങ്
national news
'അദ്ദേഹത്തെ ചെറുപ്പം മുതല്‍ അറിയാം; എന്നെ നീക്കി മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹത്തിന് ആഗ്രഹം'; സിദ്ദുവിനെതിരേ അമരീന്ദര്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2019, 4:32 pm

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സംസ്ഥാനമന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിങ് സിദ്ദുവും തമ്മിലുള്ള പോര് വീണ്ടും മറനീക്കി പുറത്തുവരുന്നു. തന്നെ ഈ സ്ഥാനത്തു നിന്നു മാറ്റി മുഖ്യമന്ത്രിയാകണമെന്നാണ് സിദ്ദുവിന്റെ ആഗ്രഹമെന്ന് അമരീന്ദര്‍ സിങ് ആരോപിച്ചു.

മുന്‍കാലത്തും ഇരുവരും തമ്മില്‍ വാക്‌പോരുകളുണ്ടായിട്ടുണ്ടെങ്കിലും പഞ്ചാബില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റ ശേഷം ഇരുവരും മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ സിദ്ദു അടുത്തിടെ സിങ്ങിനെതിരേ രംഗത്തെത്തിയതാണ് പോര് വീണ്ടും ഉടലെടുക്കാന്‍ കാരണം.

‘സിദ്ദു അതിമോഹിയാണ്. എല്ലാവര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. എനിക്കദ്ദേഹത്തെ ചെറുപ്പം മുതലേ അറിയാം. എനിക്കദ്ദേഹവുമായി അഭിപ്രായവ്യത്യാസമൊന്നും ഇല്ല. പക്ഷേ എന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റി ആ സ്ഥാനത്തെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ തെരഞ്ഞെടുപ്പിന് ഒരുദിവസം മുന്‍പ് അതു പ്രകടിപ്പിക്കുന്നതു ശരിയല്ല. അത് എന്നെയല്ല, പാര്‍ട്ടിയെയും മത്സരിക്കുന്ന നേതാക്കളെയും ബാധിക്കും.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് മുഖ്യമന്ത്രി പറഞ്ഞു.

സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ സിദ്ദുവിന് ഇത്തവണ ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചെന്നാരോപിച്ച് തുടങ്ങിയ വാക്‌പോരാണ് ഇവിടെവരെയെത്തിയത്. അമൃത്‌സറില്‍ നിന്നു മത്സരിക്കാന്‍ നവ്‌ജോത് കൗറിനോട് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അവരതു നിഷേധിച്ചതാണെന്നുമായിരുന്നു വിഷയത്തില്‍ അമരീന്ദറിന്റെ പ്രതികരണം. എന്നാല്‍ തന്റെ ഭാര്യ നുണ പറയില്ലെന്നും അവര്‍ക്കു ധൈര്യമുണ്ടെന്നുമാണ് സിദ്ദു തിരിച്ചടിച്ചത്.

ഈ പ്രസ്താവന അച്ചടക്കലംഘനമാണെന്നും കോണ്‍ഗ്രസ് സിദ്ദുവിനെതിരേ നടപടിയെടുക്കുമെന്നും അമരീന്ദര്‍ പ്രതികരിച്ചു. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അവര്‍ ഇക്കാര്യം ശ്രദ്ധിക്കുമെന്നു കരുതുന്നു. കോണ്‍ഗ്രസ് അച്ചടക്കമില്ലായ്മയില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സിദ്ദു പങ്കെടുത്തത് ഇരുവരും തമ്മില്‍ വാക്‌പോരിന് ഇടയാക്കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം അമരീന്ദര്‍ തള്ളിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണു തന്റെ ക്യാപ്റ്റനെന്ന് പറഞ്ഞാണ് സിദ്ദു ചടങ്ങില്‍ പങ്കെടുത്തത്. അവിടെവെച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അദ്ദേഹം പ്രകീര്‍ത്തിച്ചതും അമരീന്ദറില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു.