ചണ്ഡിഗഢ്: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി വ്യക്തമാക്കി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സിദ്ദുവിനെ മുഖ്യമന്തിയായി അവരോധിക്കാനുള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും തടയും എന്നാണ് അമരീന്ദര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
‘എനിക്കൊരിക്കലും പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരുവന്‍ നമ്മളെ നശിപ്പിക്കുന്നത് നോക്കിനില്‍ക്കാനാവില്ല. ജനങ്ങള്‍ക്കും സംസ്ഥാനത്തിനും ദോഷം വരുന്ന ഒരു കാര്യത്തിനും ഞാന്‍ അനുവദിക്കില്ല, അത്തരം എല്ലാം നീക്കങ്ങള്‍ക്കെതിരെയും ഞാന്‍ പോരാടും,’ അമരീന്ദര്‍ പറയുന്നു.
പാക്കിസ്ഥാനുമായും ഇമ്രാന്‍ ഖാനുമായും സഖ്യമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് പഞ്ചാബിനെ നയിക്കാനാവുകയെന്നും അമരീന്ദര്‍ ചോദിച്ചു. കൂടാതെ സിദ്ദു ദേശവിരുദ്ധനും അപകടകാരിയും സ്ഥിരതയില്ലാത്തവനും കഴിവില്ലാത്തനും സംസ്ഥാനത്തിനും രാജ്യത്തിനും ഒരു സുരക്ഷാ ഭീഷണിയാണെന്നും കുറ്റപ്പെടുത്തുകയും ചെയ്തു.
താന്‍ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും സംസ്ഥാനത്തിന്റെ ഏതാവശ്യത്തിനും മുന്നിലുണ്ടാവുമെന്നും പറഞ്ഞു.
‘പഞ്ചാബ് മുഖ്യമന്ത്രിയെന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. സിദ്ദുവിനെ ഒരിക്കലും പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്തിയാവാന്‍ ഞാന്‍ സമ്മതിക്കില്ല,’ അമരീന്ദര്‍ പറഞ്ഞു.
ഒരു മന്ത്രിസ്ഥാനം പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഒരു സംസ്ഥാനത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ മന്ത്രിസഭയില്‍ നിന്നടക്കം നീക്കം ചെയ്ത ഒരാളെ താന്‍ പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്നും അമരീന്ദര്‍ പറഞ്ഞു.
അമരീന്ദറിന്റെ രാജിക്കായി പഞ്ചാബ് മന്ത്രി സഭയില്‍ നിന്ന് തന്നെ മുറവിളിയുണ്ടായിരുന്നു. അമരീന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നാണ് ഇവരുടെ ആവശ്യം.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇത്രയും അപമാനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ല’ എന്ന് സോണിയയെ അമരീന്ദര്‍ അറിയിച്ചിരുന്നു.
ഒടുവില്‍ ശനിയാഴ്ച അമരീന്ദര്‍ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു.