| Saturday, 16th December 2023, 9:05 am

ലാലിനെ ഡയറക്ടേഴ്സ് ആക്ടർ ആക്കുന്നത് അതാണ്, അത്രയേ ഉള്ളൂ ഇതെല്ലാം: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് മോഹൻലാൽ. വ്യത്യസ്ത രൂപങ്ങളിലും വേഷങ്ങളിലും നിറഞ്ഞാടിയിട്ടുള്ള മോഹൻലാലിനെ ഡയറക്ടേഴ്സ് ആക്ടർ എന്നാണ് പലരും വിശേഷിപ്പിക്കാറുള്ളത്. നടൻ സിദ്ദിഖ് അതിനെക്കുറിച്ച് സംസാരിക്കുകയാണ്. നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ് സിദ്ധിക്കും മോഹൻലാലും.

ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തങ്ങൾ ചെയ്ത ഒരു ഷോട്ട് സംവിധായകന് തൃപ്തി തോന്നാതെ വരുകയും മോഹൻലാലിനോട് വീണ്ടും ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് സിദ്ദിഖ് പറയുന്നത്.

എന്നാൽ മോഹൻലാൽ നന്നായി അഭിനയിച്ച ആ രംഗം വീണ്ടും ഷൂട്ട്‌ ചെയ്യുന്നത് എന്തിനാണെന്ന് താൻ ചോദിച്ചപ്പോൾ ഒരു പ്രശ്നവുമില്ലാതെ ലാൽ വീണ്ടും അഭിനയിച്ചുവെന്നും സിദ്ദിഖ് പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സീൻ എടുക്കുകയാണ്. ഞാനും ലാലും ആണ് അഭിനയിക്കുന്നത്. ഞാൻ വില്ലൻ കഥാപാത്രമാണ്. ലാൽ വളരെ ദേഷ്യത്തോടെ എന്റെ ഷർട്ടിൽ കുത്തി പിടിച്ചിട്ട് എന്നോട് വലിയൊരു ഡയലോഗ് പറയുന്നതാണ് സീൻ. ലാൽ അത് വളരെ ഭംഗിയായിട്ട് ഭയങ്കര ഇമോഷണലായിട്ടൊക്കെ പറഞ്ഞു. പക്ഷെ ആ ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ സംവിധായകൻ, വൺ മോർ എന്ന് പറഞ്ഞു.

ഞാൻ അദ്ദേഹത്തോട് എന്തിനാണ് വീണ്ടും എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ആ സംവിധായകൻ ലാലിനോട് പറഞ്ഞു, ലാലേട്ടാ ആ ഡയലോഗിന് ഒരു ഫോഴ്സ് വരട്ടെയെന്ന്. ശരിക്കും പറഞ്ഞാൽ എനിക്കാണ് ദേഷ്യം വന്നത്. കാരണം ആ ഡയലോഗ് അതിനേക്കാൾ ഫോഴ്സ് ആയിട്ട് പറയാൻ കഴിയില്ല. ലാൽ നന്നായി പറഞ്ഞിട്ടുമുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞു.

ഞാൻ ലാലിനോടും ചോദിച്ചു, ഈ ഡയലോഗ് ഇതിനേക്കാൾ ഫോഴ്സിൽ എങ്ങനെ പറയുമെന്ന്. ലാൽ അപ്പോൾ പറഞ്ഞത്, കുഴപ്പമില്ലാ അയാൾ ഒരു വൺ മോർ പറഞ്ഞതല്ലേയുള്ളൂ നമുക്കത് പറഞ്ഞേക്കാം, ഞാൻ ഇതുപോലെ തന്നെ പറയുകയേയുള്ളൂ എന്നായിരുന്നു.

ലാൽ പിന്നെ പറഞ്ഞപ്പോൾ ആദ്യത്തേതിനെക്കാൾ കുറച്ച് ഫോഴ്സ് കുറഞ്ഞെങ്കില്ലേയുള്ളൂ. ഡയറക്ടർ അത് ഓക്കേയും പറഞ്ഞു.

ഇതൊക്കെ അത്രയേ ഉള്ളൂ. ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. അതുകൊണ്ടൊക്കെയാണെന്ന് തോന്നുന്നു ലാലിനെ ഡയറക്ടേഴ്സ് ആക്ടർ എന്ന് പറയുന്നത്,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Talk About Why Mohanlal Known As Directors Actor

We use cookies to give you the best possible experience. Learn more