ആ വിഗ്ഗ് കാരണം പേര് തന്നെ മാറി; ജനപ്രിയ കഥാപാത്രത്തെ കുറിച്ച് സിദ്ദിഖ്
Entertainment
ആ വിഗ്ഗ് കാരണം പേര് തന്നെ മാറി; ജനപ്രിയ കഥാപാത്രത്തെ കുറിച്ച് സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th February 2024, 5:28 pm

മലയാളികളുടെ പ്രിയതാരമാണ് സിദ്ദിഖ്.

നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കരിയറിലെ ഏറെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു ചോട്ടാ മുംബൈയിലെ മുള്ളൻ ചന്ദ്രൻ എന്ന കഥാപാത്രം. ഗെറ്റപ്പ് കൊണ്ടും കഥാപാത്ര രൂപീകരണം കൊണ്ടും ഏറെ വേറിട്ട് നിന്ന വേഷമായിരുന്നു മുള്ളൻ ചന്ദ്രൻ. ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിദ്ദിഖ്.

ആ കഥാപാത്രത്തിന്റെ സ്റ്റൈൽ തന്റെ ഐഡിയ ആണെന്നും അത് അൻവർ സമ്മതിച്ചത് കൊണ്ടാണ് സിനിമയിൽ അവതരിപ്പിച്ചതെന്നും സിദ്ദിഖ് പറയുന്നു. ചന്ദ്രപ്പൻ എന്ന കഥാപാത്രത്തിന് ആ പേര് വരാൻ കാരണം ആ വിഗ്ഗ് ആയിരുന്നുവെന്നും ജിഞ്ചർ മീഡിയയോട് അദ്ദേഹം പറഞ്ഞു.

‘ആ വിഗ് ഞാൻ രതീഷ് അമ്പാട്ട് എന്ന മേക്കപ്പ് മാനോട് പറഞ്ഞിട്ട് ഉണ്ടാക്കിയെടുത്തതാണ്. ആ സമയത്ത് താടി ഉണ്ടായിരുന്നു.

അതൊക്കെ വെട്ടി ഒരു പ്രത്യേക രീതിയിലൊക്കെയാക്കി. കോസ്റ്റ്യൂം അവിടെ റെഡി ആയിട്ടുണ്ടായിരുന്നു. ഞാൻ ഈ വിഗ്ഗ് ഒക്കെ വെച്ച് തിരിച്ച് ലൊക്കേഷനിലേക്ക് വന്ന് ഈ ഡ്രസ് ഒക്കെ ഇട്ട് ഞാൻ ഇങ്ങനെ അൻവറിന്റെ മുന്നിൽ ചെന്ന് നിന്നു.

അൻവർ എന്നെ കണ്ട് ചിരിച്ചിട്ട് നന്നായിട്ടുണ്ട് ഇക്കായെന്ന് പറഞ്ഞു. ആ സമയത്ത് അൻവർ, ആ വിഗ്ഗ് വേണ്ട ഇക്ക അത് ശരിയാവില്ല എന്ന് പറഞ്ഞാൽ പിന്നെ മുള്ളൻ ചന്ദ്രപ്പൻ ഇല്ല. ചന്ദ്രപ്പൻ എന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വിഗ്ഗ് വെച്ചതിന് ശേഷമാണ് മുള്ളൻ ചന്ദ്രപ്പൻ ആയത്. കാരണം അൻവർ പറയുമ്പോൾ ആ സീനിനെ ഞാൻ കൺസീവ് ചെയ്തിട്ടുള്ളത് അങ്ങനെയാണ്.

ഭയങ്കര സ്റ്റൈലൻ ഡ്രസൊക്കെ ഇട്ട്, മുടിയൊക്കെ നല്ല ഫ്രീക്കാക്കി വന്നിട്ട്, ഇന്ന് ഭയങ്കര വിശപ്പ് ആശാനെ എന്ന് പറയുമ്പോഴാണ് അതിന്റെ ഒരു കോൺട്രാസ്‌റ്റ് വരുന്നത്. അത് കേൾക്കുമ്പോൾ ആളുകൾ പെട്ടെന്ന് ചിരിക്കും. അങ്ങനെ ആലോചിച്ചാണ് അത് ചെയ്യുന്നത്,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Talk About Mullan Chandrappan In Chotta Mumbai