ലാൽ ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാനത് തിരിച്ച് കൊടുത്തില്ലെങ്കിലും ലാലിന് കുഴപ്പമില്ല: സിദ്ദിഖ്
Entertainment
ലാൽ ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാനത് തിരിച്ച് കൊടുത്തില്ലെങ്കിലും ലാലിന് കുഴപ്പമില്ല: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th February 2024, 5:41 pm

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മോഹൻലാലും സിദ്ധിക്കും.

ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇരുവരും ഒന്നിച്ച് അവസാനം ഇറങ്ങിയ നേര് എന്ന ചിത്രവും വലിയ വിജയമായിരുന്നു.

നേര് സിനിമയുടെ ഭാഗമായി നടത്തിയ വിജയാഘോഷ പരിപാടിയിൽ മോഹൻലാലിന്റെ കയ്യിലെ മോതിരം വാങ്ങി നോക്കുന്ന സിദ്ദിഖിന്റെ വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് സിദ്ദിഖ്.

അത് വളരെ വിലപിടിപ്പുള്ള മോതിരമാണെന്ന് മോഹൻലാൽ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും അത് നോക്കാൻ വേണ്ടിയാണ് വാങ്ങിയതെന്നും സിദ്ദിഖ് പറയുന്നു. മോഹൻലാൽ ഒരിക്കലും അത് തരാതിരിക്കില്ലെന്നും ചിലപ്പോൾ തിരിച്ച് തന്നോട് വാങ്ങില്ലെന്നും ഒറിജിനൽസ് ബൈ വീണയോട് സിദ്ദിഖ് പറഞ്ഞു.

‘അതൊക്കെ മറ്റുള്ളവർ ഉപയോഗിക്കുന്നത് കാണാൻ ഇഷ്ടമാണ്. പക്ഷെ എനിക്കങ്ങനെ ഉപയോഗിക്കാൻ താത്പര്യമില്ല. മറ്റു പലരും അത് ഉപയോഗിക്കുന്നത് കാണുമ്പോൾ ശ്രദ്ധിക്കാറുണ്ട്. വളരെ വിലപിടിപ്പുള്ള മോതിരത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത് കൊണ്ടാണ് ഞാൻ അന്ന് മോതിരം വാങ്ങി നോക്കിയത്.

വളരെ വിലയുള്ള വലിയൊരു ബ്രാൻഡിന്റെ മോതിരമാണത്. അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ആ മോതിരമല്ലേ ഇതെന്ന് ചോദിച്ച് ഞാൻ വാങ്ങി നോക്കിയതാണ്.

അത് ഷൂട്ട്‌ ചെയ്ത് ഇങ്ങനെ വരുമെന്ന് കരുതിയില്ല. പിന്നെ അതൊരു മോശം കാര്യമല്ലല്ലോ നല്ല കാര്യമല്ലേ. ആ സമയത്ത് ഞാനത് ചോദിക്കുമ്പോൾ മോഹൻലാൽ അത് തന്നില്ലെങ്കിലുള്ള സ്ഥിതി ഒന്ന് ആലോചിച്ച് നോക്ക്.

അങ്ങനെയാണെങ്കിൽ അത് മോശമായേനെ. പക്ഷെ ലാലിന്റെ അടുത്ത് നിന്ന് അതൊന്നും സംഭവിക്കില്ല. ലാൽ അങ്ങനെയൊന്നും ഒരിക്കലും ചെയ്യുന്ന ഒരാളല്ല. ഇനിയിപ്പോൾ ഞാനത് തിരിച്ച് കൊടുത്തില്ലെങ്കിൽ പോലും ഒന്നും പറയില്ല,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Talk About Mohanlal