സിനിമയിൽ നിന്ന് വിടപറഞ്ഞു പോയ തന്റെ പ്രിയപ്പെട്ടവരെ കുറിച്ച് പറയുകയാണ് നടൻ സിദ്ദിഖ്.
സിനിമയിൽ നിന്ന് വിടപറഞ്ഞു പോയ തന്റെ പ്രിയപ്പെട്ടവരെ കുറിച്ച് പറയുകയാണ് നടൻ സിദ്ദിഖ്.
നടൻ ഇന്നസെന്റും സംവിധായകൻ സിദ്ദിക്കുമെല്ലാം തന്നെ ഇന്നലെ വിളിച്ച പോലെ തനിക്ക് തോന്നുമെന്നും അവരുടെയൊന്നും നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ തനിക്ക് കഴിയില്ലെന്നും സിദ്ദിഖ് പറയുന്നു. നാളെ തന്റെ പേര് തെളിയുന്ന പല ഫോണുകളിൽ നിന്ന് താനും ഇല്ലാതാവുമെന്നും അത് തിരിച്ചറിയുന്നത് വളരെ വിഷമമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോൾ നമ്മളോടൊപ്പം ഇല്ലാത്ത പല ആളുകളുടെയും പേര് വെച്ചിട്ടാണ് ഞാൻ മൊബൈലിൽ അവരുടെ പേര് സേവ് ചെയ്തിട്ടുള്ളത്.
ഞാൻ വെറുതെ ഇരിക്കുമ്പോൾ ആ നമ്പറുകൾ ഇങ്ങനെ ഇരുന്നു നോക്കും. ഇന്നലെ വരെ ആ നമ്പറിൽ അവരുടെ പേര് തെളിഞ്ഞിരുന്നു. അവർ എന്നോട് സംസാരിച്ചിരുന്നു.
അവരിൽ പലരും ഇന്നില്ലായെന്ന് പറയുമ്പോൾ എനിക്കങ്ങനെ വിശ്വസിക്കാൻ ഇഷ്ടമല്ല. ഒരിക്കൽ പോലും അങ്ങനെ മണ്മറഞ്ഞു പോയവരുടെ നമ്പർ ഞാൻ ഡിലീറ്റ് ചെയ്യില്ല. അവരൊക്കെയായിട്ട് സംസാരിച്ചിരുന്ന ഒരാളാണ് ഞാൻ. നാളെ എന്റെ പേര് തെളിയുന്ന പല ഫോണിൽ നിന്നും ഞാനും ഇല്ലാതെയാവും. ആ ഒരു കാര്യം തിരിച്ചറിയുകയെന്നത് നമുക്ക് വളരെ വിഷമമുള്ള കാര്യമാണ്.
ഇന്നസെന്റ് ചേട്ടനൊക്കെ ഇന്നലെ വിളിച്ചിരുന്നു എന്നാണ് എനിക്ക് തോന്നാറുള്ളത്. സംവിധായകൻ സിദ്ദിഖ് എന്നെ ഇന്നലെ ഫോൺ ചെയ്തിരുന്നു എന്നെനിക്ക് ഇങ്ങനെ തോന്നും.
അങ്ങനെ ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഒരു നിമിഷം മുതൽ നമ്മുടെ കൂടെയില്ലായെന്ന് പറയുന്നത് നമുക്ക് ഒരുപാട് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്,’സിദ്ദിഖ് പറയുന്നു.
Content Highlight: Sidhique Talk About Innocent And director Sidhique