മലയാളത്തിന്റെ പ്രിയ നടനാണ് സിദ്ദിഖ്. കാലങ്ങളായി മലയാള സിനിമ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളായി സ്‌ക്രീനിൽ പകർന്നാടിയിട്ടുണ്ട്.
ആ നേരം അല്പ നേരം എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ സിദ്ദിഖ് ന്യൂ ഡൽഹി എന്ന സൂപ്പർ ഹിറ്റ് ജോഷി ചിത്രത്തിലൂടെയാണ് കൂടുതൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ന്യൂ ഡൽഹി.
തനിക്ക് ഏറ്റവും സ്പെഷ്യലായിട്ടുള്ള ആദ്യ സിനിമയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ചിത്രമാണ് ന്യൂ ഡൽഹിയെന്ന് താരം പറയുന്നു. കല്യാണം കഴിഞ്ഞ് മൂന്നാം നാളാണ് താൻ ന്യൂഡൽഹിയിൽ അഭിനയിക്കാൻ പോവുന്നതെന്നും തന്റെ ഭാര്യ കരച്ചിലായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. മാധ്യമം കുടുംബം മാസികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കല്യാണം കഴിഞ്ഞ് മൂന്നാം നാളാണ് ന്യൂഡൽഹി ഷൂട്ടിങ്ങിനുവേണ്ടി ഞാൻ ഡൽഹിയിലേക്കു പോകുന്നത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നുകേട്ടപ്പോൾ തന്നെ ഭാര്യ കരച്ചിലായി. ഒരുവിധം ആളെ സമാധാനിപ്പിച്ച് വെളുപ്പിന് ആറു മണിക്ക് കൊടുങ്ങല്ലൂർ സ്റ്റാൻഡിൽ നിന്ന് ട്രാൻസ്പോർട്ട് ബസ് കയറി കൊച്ചി എയർപോർട്ടിലേക്കു പുറപ്പെട്ടു. അവിടെ നിന്ന് ഡൽഹിയിലേക്ക്. അതാണ് സിനിമയിലേക്കുള്ള യാത്രയായി എൻ്റെ മനസ്സിൽ അടയാളപ്പെടുത്തിയിട്ടുള്ളത്,’ സിദ്ദിഖ് പറഞ്ഞു.
സിനിമയാണ് ഇനി തന്റെ മേഖലയെന്ന് വിശ്വസിക്കാൻ തുടങ്ങിയത് ന്യൂ ഡൽഹിയിലൂടെയാണെന്നും മമ്മൂട്ടിയുമായി അടുപ്പം തുടങ്ങാൻ ചിത്രം സഹായിച്ചെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
‘ഏറ്റവും സ്പെഷ്യലാണ്. എന്റെ ആദ്യപടം എന്ന് പറയുന്നതാകും ശരി. ആ സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോൾ മുതലാണ് ഞാൻ ഒരു നടനായത്. അത്രയും പ്രാധാന്യമുള്ള കഥാപാത്രം. സിനിമ വമ്പൻ സക്സസ്. ജോഷി സാർ, ഡെന്നീസ് ജോസഫ്, മമ്മൂട്ടി തുടങ്ങി ഏറ്റവും ടോപ്പ് ക്ലാസ്സിൽ നിൽക്കുന്ന ആളുകളുമായി ആരംഭിച്ച അടുപ്പം.
അവരെന്നെ അടുത്ത സിനിമയിലും സഹകരിപ്പിക്കാൻ തുടങ്ങി. മമ്മൂക്കയെ റെഗുലറായി കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം കിട്ടി. സിനിമയാണ് ഇനിയങ്ങോട്ട് എന്റെ മേഖല എന്ന് ബോധ്യപ്പെടുത്തിയത് ന്യൂഡൽഹിയാണ്,’അദ്ദേഹം പറഞ്ഞു.
Content Highlight: Sidhique Talk About His Wife And New Delhi Movie