| Sunday, 28th April 2024, 3:58 pm

ആ കഥാപാത്രമാണ് എന്നെ കൊണ്ട് അങ്ങനെയുള്ള വേഷങ്ങളും ചെയ്യാൻ കഴിയുമെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത്: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ നടനാണ് സിദ്ദിഖ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളായി സ്‌ക്രീനിൽ പകർന്നാടിയിട്ടുണ്ട്.

‘ആ നേരം അല്പ നേരം’ എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ സിദ്ദിഖ് ന്യൂ ഡൽഹി എന്ന സൂപ്പർ ഹിറ്റ്‌ ജോഷി ചിത്രത്തിലൂടെയാണ് കൂടുതൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സിദ്ദിഖ്.

രണ്ടായിരത്തിൽ ഇറങ്ങിയ സത്യമേവ ജയതേയെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് തന്റെ കരിയറിൽ വലിയ മാറ്റം ഉണ്ടാവുന്നതെന്ന് സിദ്ദിഖ് പറയുന്നു. ഒരു നടൻ എന്ന നിലയിൽ തന്നെ അംഗീകരിക്കാൻ തുടങ്ങിയത് അതിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം കുടുംബം മാസികക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ടായിരത്തിൽ ഇറങ്ങിയ സത്യമേവ ജയതേയിലെ വില്ലൻവേഷം കണ്ട് ഇയാളെക്കൊണ്ട് ഇങ്ങനെയും പറ്റുമെന്ന രീതിയിൽ അംഗീകാരം കിട്ടിത്തുടങ്ങി. അവിടന്നങ്ങോട്ട് വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. അതോടെ കരിയർ ഗ്രാഫ് ഉയർന്നു. 90കൾ തൊട്ടുള്ള പത്തു വർഷം സിനിമാ ജീവിതത്തിൽ വളർച്ചയുണ്ടാക്കിയെങ്കിലും നടൻ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടത് 2000ത്തിനുശേഷമാണ്,’ സിദ്ദിഖ് പറയുന്നു.

ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന് ശേഷമാണ് പുതിയ തരത്തിലുള്ള പരീക്ഷണങ്ങളുമായി നിർമാതാക്കൾ വരുന്നതെന്നും ആ സമയത്ത് ഒരുപാട് അവസരങ്ങൾ കിട്ടിയെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

‘പല നിർമാതാക്കളും പറഞ്ഞു കേട്ടിട്ടുള്ളത് ആ കാലത്ത് ഒരു എ ക്ലാസ് സിനിമ എടുക്കണമെങ്കിൽ 20-25 ലക്ഷം രൂപ വേണമെന്നാണ്. അന്നത്തെ സുപ്പർ സ്റ്റാറിന്റെ പ്രതിഫലം ഒരു ലക്ഷത്തിൽ താഴെയാണ്. സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിന്റെ ഇൻഹരിഹർ നഗറിനു ശേഷമാണ് 12, 13 ലക്ഷം രൂപക്ക് 20 ദിവസംകൊണ്ട് ഷൂട്ടിങ് തീർക്കുന്ന സിനിമകളുമായി നിർമാതാക്കൾ വരുന്നത്.

അതുകൊണ്ട് ഒരുപാട് അവസരങ്ങൾ കിട്ടി. രണ്ടും മൂന്നും നാലും നായകരിൽ ഒരാളായിട്ടുള്ള മികച്ച വേഷങ്ങൾ കിട്ടി. ഒറ്റക്കുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. ആ കാലഘട്ടത്തിൽ അങ്ങനെയൊരു ചേഞ്ച് വന്നതുകൊണ്ടാണ് എൻ്റെ യാത്ര കുറച്ചുകൂടി സുഗമമായത്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Sidhique Talk About His Character In Sathyameva Jayadhe Movie

We use cookies to give you the best possible experience. Learn more