| Sunday, 11th February 2024, 11:46 am

ആ ഡയലോഗ് തെറ്റല്ലേ എന്ന് ഞാൻ ചോദിച്ചു, പക്ഷെ ജനങ്ങൾ അത് ഏറ്റെടുത്തു: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടനാണ് സിദ്ദിഖ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പലതരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

പ്രജേഷ് സെൻ സംവിധാനം ചെയ്ത ജയസൂര്യയുടെ വെള്ളമെന്ന ചിത്രത്തിൽ സിദ്ദിഖ് ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ സിദ്ദിഖ് പറഞ്ഞ ഒരു ഡയലോഗ് വലിയ രീതിയിൽ സോഷ്യൽ മീഡിയകൾ ഏറ്റെടുത്തിരുന്നു.

‘ഇൻസൾട്ട് ആണ് മുരളി ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്’ എന്നതായിരുന്നു ആ ഡയലോഗ്. എന്നാൽ ആദ്യമായി പ്രജേഷ് തന്നോട് ആ ഡയലോഗിനെ കുറിച്ച് പറഞ്ഞപ്പോൾ ആ പ്രയോഗം തെറ്റല്ലേ എന്നാണ് താൻ ചോദിച്ചതെന്ന് സിദ്ദിഖ് പറയുന്നു.

ശരിക്കുമുള്ള ഇൻവെസ്റ്റ്മെന്റ് നമ്മുടെ ഹാർഡ് വർക്കും പണവുമെല്ലാമാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻസ്പറേഷൻ എന്നതിലാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറിജിനൽസ് ബൈ വീണയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത് കേട്ടപ്പോൾ തന്നെ ആദ്യം ഞാൻ പ്രജേഷിനോട് ചോദിച്ചത്, ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് ശരിക്കും തെറ്റല്ലേ എന്നായിരുന്നു. ആ പ്രയോഗം തെറ്റല്ലേ. പ്രജേഷ് ചോദിച്ചു, എന്താണ് ഇക്കാ തെറ്റാണെന്ന് പറഞ്ഞത്.

ഞാൻ പറഞ്ഞു, ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് നമ്മൾ മുടക്കുന്ന ഒരു കാര്യമാണ്. ഒരു ബിസിനസ് തുടങ്ങുകയാണെങ്കിൽ അതിന്റെ ഇൻവെസ്റ്റ്‌ എന്ന് പറയുന്നത് ചിലപ്പോൾ പണമാകാം, നമ്മുടെ ഹാർഡ് വർക്ക്‌ ആവാം. അല്ലെങ്കിൽ വേറേ എന്തെങ്കിലും ആവാം.

അതല്ലേ ശരിക്കും ഇൻവെസ്റ്റ്മെന്റ്. ഇൻസൾട്ട് എന്ന് പറയുന്നത് വേറെയൊരാൾ നമ്മളെ കളിയാക്കുന്നതല്ലേ. അത് കേട്ടപ്പോൾ പ്രജേഷ് പറഞ്ഞു, ഇക്ക പറഞ്ഞപ്പോൾ അതിൽ ചെറിയ ഒരു കൺഫ്യൂഷനുണ്ട്. പക്ഷെ എന്നാലും അത് പറയാൻ നല്ല വാക്കാണ് ഇക്കാ. പെട്ടെന്ന് ആളുകൾക്ക്‌ കണക്റ്റ് ആവും. ഇൻസൾട്ട് ആണ് മുരളി ഏറ്റവും വലിയ ഇൻസ്‌പിറേഷൻ എന്ന് പറഞ്ഞാൽ അതാണ് ശരിയെന്നാവും ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. പക്ഷെ ജനങ്ങൾ അത് വല്ലാതെ ഏറ്റെടുത്തു,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Talk About Dialogue In Vellam Movie

We use cookies to give you the best possible experience. Learn more