| Sunday, 17th December 2023, 3:47 pm

അഭിനയം എളുപ്പമായി തോന്നുന്നത് ലാൽ അഭിനയിക്കുന്നത് കാണുമ്പോഴാണ് എന്നാൽ..: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേക്ഷകരുടെ ഇഷ്ട നടനാണ് സിദ്ദിഖ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് താരം. ജീത്തു ജോസഫ് – മോഹൻലാൽ ഹിറ്റ്‌ കോമ്പോയിൽ ഒരുങ്ങുന്ന നേര് എന്ന ചിത്രമാണ് താരത്തിന്റെതായി ഉടനെ ഇറങ്ങാനുള്ള സിനിമ.

ഇപ്പോൾ മോഹൻലാലിനെ കുറിച്ച് പറയുകയാണ് സിദ്ദിഖ്. രാവണപ്രഭു, ദൃശ്യം തുടങ്ങി നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും.

മോഹൻലാലിലെ കുട്ടി ഇത്‌ വരെ വലുതായിട്ടില്ല എന്നാണ് സിദ്ദിഖ് പറയുന്നത്. അഭിനയം ഒരു എളുപ്പമുള്ള പണിയായി തോന്നുന്നത് മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. താനൊരു വലിയ ജോലി ചെയ്യുകയാണെന്ന തോന്നൽ മോഹൻലാലിന് ഉണ്ടാവാറില്ലെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു.

‘ആ കുട്ടി ഇത്‌ വരെ വലുതായിട്ടില്ല. അഭിനയമെന്ന് പറയുന്ന ജോലി ഇത്ര എളുപ്പമാണെന്ന് തോന്നുക ലാൽ അഭിനയിക്കുന്നത് കാണുമ്പോഴും അഭിനയം ഇത്ര വിഷമം ഉള്ളതാണെന്ന് അറിയുന്നത് ഞാൻ അഭിനയിക്കുമ്പോഴുമാണ്. വളരെ ഈസിയായിട്ട് ചെയ്യുകയാണെന്ന് നമുക്ക് തോന്നും.

ഇതാണോ, ഈ റിയാക്ഷനാണോ വേണ്ടത് എന്നൊക്കെ ലാലിന്റെ അഭിനയം കാണുമ്പോൾ തോന്നും. പക്ഷെ അവസാനത്തെ റിസൾട്ടിൽ ഒരു വ്യത്യാസം വന്നിട്ടുണ്ടാവും. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. പല സിനിമകളിൽ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. അതിനൊന്നും ഇപ്പോഴും ഒരു മാറ്റവുമില്ല.

സിനിമയിലെ ഹീറോ അല്പം ഇറിറ്റേറ്റഡ് ആയി കഴിഞ്ഞാൽ അത് നമ്മളെയും മോശമായി ബാധിക്കും.

പക്ഷെ അഭിനയിക്കുമ്പോൾ സീരിയസായ ഒരു ജോലി ചെയ്യുകയാണെന്നുള്ള ഒരു ടെൻഷനും ലാലിന് ഉണ്ടാവില്ല. ഇപ്പോഴും ഭയങ്കര കംഫർട്ടബിളായി ഞാൻ ആ കുട്ടിയെ കൊണ്ട് നടക്കുകയാണ്,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Talk About Acting Of Mohanlal

We use cookies to give you the best possible experience. Learn more