മലയാളികളുടെ ഇഷ്ട നടന്മാരില്‍ ഒരാളാണ് സിദ്ധിഖ്. 1985 ല്‍ ആരോടും പറയാതെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവട് വെച്ചത്. ഏത് കഥാപാത്രവും പെട്ടെന്ന് വഴങ്ങും എന്നത് തന്നെയാണ് സിദ്ധിഖിന്റെ ഏറ്റവും വലിയ പ്രത്യേകത. തമാശ റോളുകളിലും വില്ലനും, അച്ഛനും, അമ്മാവനുമൊക്കെയായി നിരവധി വേഷങ്ങളില്‍ അദ്ദേഹം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി.
ആറാട്ട് ആണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിദ്ധിഖിന്റെ ചിത്രം. സിദ്ധിഖ് അവതരിപ്പിച്ച സി.ഐ. ശിവശങ്കരന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു. സിനിമയിലെ ഒരു രംഗം അഭിനയിക്കാന്‍ റെഡിയായി നിന്നപ്പോള്‍ ഇതൊക്കെ ചെയ്യാന്‍ ചളിപ്പില്ലേ എന്ന് ഉണ്ണികൃഷ്ണന്‍ തന്നോട് ചോദിച്ചിരുന്നു എന്ന് സിദ്ധിഖ് പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആറാട്ടിലെ രസകരമായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.
‘ഒന്നാം കണ്ടം എന്ന പാട്ടില്‍ എന്റെ ദേഹത്തേക്ക് വെള്ളം ചീറ്റിച്ചിട്ട് ഞാന്‍ പാടത്തേക്ക് വീഴുന്ന ഒരു സീനുണ്ട്. ആ രംഗത്തിന് വേണ്ടി ഞാന്‍ റെഡിയായി നില്‍ക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ പാടത്തേക്ക് വീഴാന്‍ പോവുകയാണോ എന്ന് മോഹന്‍ലാല്‍ വന്ന് ചോദിച്ചു. ഞാന്‍ വീഴാന്‍ പോവാണ് എന്നൊക്കെ പറഞ്ഞ് നില്‍ക്കുകയാണ്.
അപ്പോഴാണ് ഉണ്ണി കൃഷ്ണന്‍ വന്ന് പറയുന്നത്. സിദ്ധിഖ്, ഞാന്‍ എന്റെ ഇഷ്ടം പോലെ പലതും പറഞ്ഞെന്നിരിക്കും. പക്ഷേ ഇതൊക്കെ ചെയ്യാന്‍ സിദ്ധിഖിനൊരു ചളിപ്പ് തോന്നുന്നില്ലേ. ഞാന്‍ ചിരിച്ചു. അതൊക്കെ ഞാന്‍ എന്‍ജോയ് ചെയ്യും,’ സിദ്ധിഖ് പറഞ്ഞു.
ആറാട്ട് സിനിമക്ക് പിന്നാലെ തനിക്കെതിരെ വന്ന വിദ്വേഷ കമന്റുകളും സിദ്ധിഖ് അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘ആറാട്ട് കണ്ടിട്ട് നന്നായിരുന്നു എന്ന് പൊതുവേ ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്ന് രണ്ട് കമന്റുകള്‍ ഇങ്ങനെയായിരുന്നു. ‘സിദ്ധിഖ് വല്ലാതെ വെറുപ്പിച്ചു’, ‘നിങ്ങള്‍ ഒരു നല്ല നടനല്ലേ, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്’.
ചിലരെന്നെ തമാശ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. എന്നാലും അഭിനന്ദനങ്ങളാണ് കൂടുതല്‍ കിട്ടിയിട്ടുള്ളത്. മോഹന്‍ലാലും സിദ്ധിഖും തമ്മിലുള്ള രംഗങ്ങള്‍ രസകരമായിരുന്നു എന്ന് ആളുകള്‍ പറഞ്ഞതാണ് ഇഷ്ടപ്പെട്ട കമന്റ്,’ സിദ്ധിഖ് പറഞ്ഞു.
ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്.
കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു, ഇന്ത്യന്‍ സംഗീത മാന്ത്രീകന്‍ എ.ആര്‍. റഹ്മാന്‍ എന്നിവരും ചിത്രത്തില്‍ എത്തിയിരുന്നു.
നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
Content Highlight: sidhique shares an experience with b unnikrishnan in aarattu