മമ്മൂക്കയോടൊപ്പം പടങ്ങൾ കാണുമ്പോൾ എന്റെ ആ സീനുകൾ വന്നാൽ ഞാൻ ടി. വി ഓഫാക്കും: സിദ്ദിഖ്
Entertainment
മമ്മൂക്കയോടൊപ്പം പടങ്ങൾ കാണുമ്പോൾ എന്റെ ആ സീനുകൾ വന്നാൽ ഞാൻ ടി. വി ഓഫാക്കും: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 11:26 am

മലയാളികളുടെ പ്രിയ നടനാണ് സിദ്ദിഖ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പലതരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

എന്നാൽ തന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കാറില്ലെന്നും മറ്റൊരാളുടെ കൂടെയിരുന്ന് താൻ അഭിനയിച്ച ചിത്രങ്ങൾ കാണാൻ പ്രയാസമാണെന്നും സിദ്ദിഖ് പറയുന്നു.

നേര് സിനിമ താൻ ഇതുവരെ തിയേറ്ററിൽ ചെന്ന് കണ്ടിട്ടില്ലെന്നും മമ്മൂട്ടിയോടൊപ്പമെല്ലാം തന്റെ പടം കാണുകയാണെങ്കിൽ ആ ചാനൽ താൻ മാറ്റുമെന്നും സിദ്ദിഖ് പറഞ്ഞു. ഒറിജിനൽസ് ബൈ വീണയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ അങ്ങനെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറില്ല. പ്രത്യേകിച്ച് ഞാൻ അഭിനയിച്ച സിനിമകൾ തീരെ കാണാറില്ല. ചില സിനിമകൾ ഒക്കെ കണ്ടിട്ടുണ്ട്. അല്ലെങ്കിൽ നമുക്കുവേണ്ടി വിളിക്കുന്ന ചില സ്പെഷ്യൽ ഷോകൾ കാണാറുണ്ട്. ഗരുഡൻ സിനിമയ്ക്ക് അങ്ങനെയൊരു പ്രിവ്യൂ ഷോ ഉണ്ടായിരുന്നു. നേര് സിനിമ ഇപ്പോഴും ഞാൻ തിയേറ്ററിൽ പോയി കണ്ടിട്ടില്ല. അങ്ങനെ ഫസ്റ്റ് ഡേ കാണാൻ ഒട്ടും പറ്റില്ല.

തിയേറ്റർ ആവണമെന്നില്ല അല്ലാതെ തന്നെ ഞാൻ അഭിനയിച്ച ഒരു സിനിമ പരിചയമുള്ളവരുടെ കൂടെ ഇരുന്ന് കാണുമ്പോൾ എനിക്കൊരു പ്രയസമാണ്. അയാൾ അത് കണ്ടാൽ എന്താണ് തോന്നുക എന്ന് ഞാൻ ചിന്തിക്കും. വേറേ ഒരാളുടെ കൂടെയിരുന്ന് എന്റെ സിനിമ കാണാൻ ബുദ്ധിമുട്ടാണ്.

പ്രത്യേകിച്ച് മമ്മൂക്കയുടെ കൂടെ കാരവാനിലൊക്കെ ഇരിക്കുമ്പോൾ ചില സിനിമകൾ ഇടുമ്പോൾ എന്റെ ചില സീനുകൾ ആണെങ്കിൽ ഞാൻ പെട്ടെന്ന് റിമോട്ട് എടുത്തിട്ട് അതങ്ങ് മാറ്റി കളയും.

എനിക്കത് വലിയ ബുദ്ധിമുട്ടുള്ളതാണ്. തിയേറ്ററിൽ പോയിട്ടും ഒരിക്കലും കാണാൻ പറ്റില്ല,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Says That He Is Not Interested To Watch His Films