| Friday, 22nd December 2023, 10:25 am

മോഹൻലാലിനെ പോലെ കുറേ സംശയങ്ങൾ ഞാൻ ചോദിച്ചാൽ വേറേ ആൾ വന്ന് അഭിനയിച്ച് പോവും: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത വേഷങ്ങളിലൂടെ കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് സിദ്ദിഖ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ നേരിലും പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട് താരം.

എന്നാൽ ഒരു പടത്തിന്റെ സ്ക്രിപ്റ്റുമായി തന്നെ ആരും അപ്രോച്ച് ചെയ്യാറില്ല എന്നാണ് സിദ്ദിഖ് പറയുന്നത്. ഒരു സിനിമയിലെ എല്ലാ വേഷങ്ങളും നല്ലതാണെന്നും നമ്മുടെ പ്രകടനം മോശമാകുമ്പോഴാണ് ആ കഥാപാത്രം മോശമാണെന്ന് പ്രേക്ഷകർ പറയുന്നതെന്നും സിദ്ദിഖ് പറയുന്നു. റേഡിയോ സുനോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ അടുത്ത് സ്ക്രിപ്റ്റുമായി അങ്ങനെ ആരും അപ്രോച്ച് ചെയ്യാറില്ല. ഈ പടത്തിൽ ഒരു റോൾ ഉണ്ടെന്ന് വിളിച്ച് പറയും. ഇക്കയ്ക്ക് ഈ സിനിമയിൽ ഒരു വേഷമുണ്ട് ഒരു പത്തിരുപത് ദിവസം വേണ്ടി വരുമെന്ന് പറഞ്ഞാൽ ഞാൻ അങ്ങ് പോവുകയാണ്. പിന്നെ എനിക്കൊരു ആത്മവിശ്വാസമുണ്ട്, എനിക്കാരും ഒരു മോശം റോൾ ഒന്നും തന്നിട്ടില്ല.

ഒരു സിനിമയിലെ എല്ലാ വേഷങ്ങളും നല്ലതാണ്. നമ്മുടെ പ്രകടനമാണ് അത് മോശമാക്കുന്നതും നല്ലതാക്കുന്നതും. ആ ക്യാരക്ടർ അയാൾ ചെയ്തത് ശരിയായില്ലാ എന്ന് പറഞ്ഞാൽ അതിനർത്ഥം നമ്മുടെ പ്രകടനം നന്നായില്ലാ എന്നാണ്.

ഒരു റോൾ ചെയ്യില്ല എന്ന് ഞാൻ പറഞ്ഞാൽ അതിനർത്ഥം എനിക്കത് ചെയ്യാൻ അറിയില്ല എന്നാണ്. എന്നോട് ഒരു കഥാപാത്രം പറയുന്നു എന്ന് മാത്രമേയുള്ളൂ. പിന്നെ അവിടെ ചെന്നതിന് ശേഷമാണ് കഥ ഇതാണ് എന്നൊക്കെ പറഞ്ഞു തരുക.

അല്ലാതെ ഞാൻ ഒരു കഥ കേട്ടിട്ട്, അതിന്റെ സ്ക്രിപ്റ്റ് വായിക്കുകയോ, അല്ലെങ്കിൽ മോഹൻലാൽ ചോദിക്കുന്ന പോലെ കുറേ സംശയങ്ങളൊക്കെ ചോദിച്ചാൽ വേറേ ആൾ വന്ന് അഭിനയിച്ച് പോവും( ചിരി).

അതാണ് ഞാൻ പറയുന്നത് മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ മുൻനിര നടൻമാരെ ആശ്രയിച്ചാണ് സിനിമ നിൽക്കുന്നത്. കാരണം അവരുടെ ഒരു യെസിൽ നിന്നാണ് ഒരു പ്രോജെക്ട് ആരംഭിക്കുന്നത്,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Says That  He Don’t Approach Anyone For Roles

We use cookies to give you the best possible experience. Learn more