| Friday, 9th October 2020, 5:46 pm

തടവിലാക്കപ്പെടുന്നത് സിദ്ദീഖ് കാപ്പന്‍ മാത്രമല്ല, മാധ്യമലോകം മുഴുവനാണ്; അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ആക്രമണമെന്ന് വിമര്‍ശനം

ജിതിന്‍ ടി പി

കോഴിക്കോട്: ഹാത്രാസ് സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അറസ്റ്റും യു.എ.പി.എ ചുമത്തലും മാധ്യമസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്ന വിമര്‍ശനമുയരുന്നു. ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ പോലും സിദ്ദിഖ് കാപ്പന് ലഭിച്ചില്ലെന്നും അഭിഭാഷകരേയോ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ബന്ധപ്പെടാന്‍ പോലും അദ്ദേഹത്തെ പൊലീസ് അനുവദിച്ചില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

കേവലം സിദ്ദീഖ് കാപ്പന്‍-യു.പി സര്‍ക്കാര്‍ എന്ന തലത്തിലേക്ക് ചുരുക്കാവുന്നതല്ല ഈ വിഷയമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ അഡ്വ. വില്‍സ് മാത്യൂസ് പറയുന്നു.

‘ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഈ രീതിയിലേ യാത്ര ചെയ്യാന്‍ പാടുള്ളു, ഈ ആളുകളോടൊപ്പം സഞ്ചരിക്കരുത്, ഈ ലിറ്ററേച്ചര്‍ കൈയ്യില്‍ വെക്കരുത് തുടങ്ങിയ യാതൊരു നിയന്ത്രണങ്ങളും ഇല്ല. ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭൂരിഭാഗവും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം കൂടിയാണെന്ന് എല്ലാവര്‍ക്കുമറിയാം’, വില്‍സ് മാത്യൂസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തൊഴില്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തനം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ആരും പഠിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജനാധിപത്യത്തിന്റെ ശ്വാസമാണ് മാധ്യമപ്രവര്‍ത്തനം. ഇന്ന് കാപ്പന്‍ നാളെ വേറൊരാള്‍ മറ്റന്നാള്‍ മറ്റൊരാള്‍. അത് മാധ്യമപ്രവര്‍ത്തനത്തിന്റെയും ജനാധിപത്യത്തിന്റെയും അവസാനത്തിലേക്കാണ് എത്തുക’, വില്‍സ് മാത്യൂസ് പറഞ്ഞു.

അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനാണ് യു.എ.പി.എ ചുമത്തിയത് എന്നത് ഞെട്ടിക്കുന്നതാണെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. വാര്‍ത്ത ചെയ്യാന്‍ പോയതല്ലേ. അത് ജോലിയുടെ ഭാഗമാണല്ലോ. യു.പിയിലാണ് എന്നുള്ളത് കൊണ്ടായിരിക്കാം പിടിച്ചുവെച്ചത്. രക്ഷപ്പെടും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എ എന്ന് പറയുമ്പോള്‍ അതെന്തിന് എന്ന ചോദ്യമാണുള്ളത്. അങ്ങനെയാണെങ്കില്‍ സ്വതന്ത്രമായി ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ, മാധ്യമപ്രവര്‍ത്തകനായിട്ട് തുടരാനാകില്ലല്ലോ’, റൈഹാന ചോദിക്കുന്നു.

സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ ദല്‍ഹി ഘടകം ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി ഇന്ത്യന്‍ പൗരന്റെ ജനാധിപത്യ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് പ്രസിഡന്റ് മിജി ജോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമാണിത്. ഇന്ത്യന്‍ പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കെതിരെയുള്ള ആക്രമണം എന്ന രീതിയില്‍ തന്നെയാണ് ഈ സംഭവത്തെ കാണാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് കെ.യു.ഡബ്ല്യു.ജെയുടെ തീരുമാനം.’ മിജി ജോസ് പറഞ്ഞു.

സിദ്ദീഖ് കാപ്പനായി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി സുപ്രീം കോടതി പരിഗണനിയിലിരിക്കെയാണ് രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയതെന്നും മിജി ജോസ് ചൂണ്ടിക്കാണിച്ചു. കേസ് സംബന്ധിച്ച വിവരങ്ങളൊന്നും നല്‍കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും മിജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഔദ്യോഗികമായി പൊലീസില്‍ നിന്നും ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്. സുപ്രീം കോടതിയില്‍ നിന്നും നമ്പര്‍ ലഭിച്ചിട്ടുണ്ട്. എത്രയും വേഗം തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിജി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഇടപെടണമെന്ന് എം.പിമാരായ ബെന്നി ബെഹ്നാനും ബിനോയ് വിശ്വവും ആവശ്യപ്പെട്ടു. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണ് സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സൂചിപ്പിക്കുന്നതെന്നും ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ല മറിച്ച് ഇന്ത്യയിലെ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാക്കണമെന്നും ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും ബെന്നി ബെഹ്നാന്‍ കത്തില്‍ പറഞ്ഞു.

സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത് ഹാത്രാസ് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും അറസ്റ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളൊന്നും ഇക്കാര്യത്തില്‍ യു.പി പൊലീസ് പാലിച്ചില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് മാധ്യമസ്വാതന്ത്ര്യം. എന്നാല്‍ സിദ്ദിഖ് കാപ്പനെപ്പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ തീവ്രവാദ ആരോപണം ചുമത്തി അറസ്റ്റു ചെയ്യുന്ന നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ്’, ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.

ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യു.പി പൊലീസ് ഒക്ടോബര്‍ ആറിന് അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു.

അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sidhique Kappan UAPA Freedom OF Press

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more