| Tuesday, 9th March 2021, 11:08 am

'കേന്ദ്രം ജയിലിലടച്ച മുസ്‌ലിം മാധ്യമപ്രവര്‍ത്തകന്‍'; അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായി സിദ്ദീഖ് കാപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. ബി.ബി.സിയാണ് സിദ്ദീഖ് കാപ്പന് സംഭവിച്ചതിനെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

” സിദ്ദീഖ് കാപ്പന്‍: ജയില്‍ഡ് ആന്‍ഡ് ടോര്‍ച്ചേര്‍ഡ് ഫോര്‍ ട്രൈയിങ്ങ് ടു റിപ്പോര്‍ട്ട് റെയിപ്പ്” എന്ന തലക്കെട്ടിലാണ് ബി.ബി.സി സിദ്ദീഖ് കാപ്പന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗീത പാണ്ഡേ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സിദ്ദീഖ് കാപ്പന്‍ ഇതേ സംഭവം തന്നെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബി.ബി.സി പ്രതിനിധിയായ താന്‍ നേരിട്ടതില്‍ നിന്നും വിഭിന്നമായ അനുഭവത്തിലൂടെയാണ് കടന്നുപോയതെന്ന് പറയുന്നു. കാപ്പന്‍ 150 ദിവസത്തിലധികമായി ജയിലില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ബി.ബി.സിയില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാപ്പന് പൊലീസ് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹ രോഗിയായ കാപ്പന് മരുന്നുകള്‍ പോലും നിഷേധിച്ച സംഭവത്തെയും റിപ്പോര്‍ട്ടില്‍ പ്രധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ അല്‍ ജസീറയും സിദ്ദീഖ് കാപ്പനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് എഴുതി തയ്യാറാക്കിയിരുന്നു. ” Why a muslim reporter in India has spent nearly 150 days in jail” എന്ന തലക്കെട്ടിലാണ് അല്‍ ജസീറ സിദ്ദിഖ് കാപ്പന്‍ നേരിടുന്ന അനീതിയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദിഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയും ചുമത്തിയിരുന്നു.

അറസ്റ്റ് ചെയ്ത് 49 ദിവസത്തിന് ശേഷമാണ് അഭിഭാഷകനെ കാണാന്‍ പോലും ഉത്തര്‍ പ്രദേശ് പൊലീസ് സിദ്ദിഖിനെ അനുവദിച്ചത്.

സിദ്ദിഖ് കാപ്പനെതിരെയുള്ള നടപടി മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മേലുള്ള കയ്യേറ്റമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകനും കേസില്‍ സിദ്ദിഖിന് വേണ്ടി കെ.യു.ഡബ്ല്യു.ജെ സമര്‍പ്പിച്ച ഹരജിയില്‍ ഹാജരാവുന്ന അഡ്വ. വില്‍സ് മാത്യൂസ് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

സിദ്ദിഖ് കാപ്പന്റെ മോചനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി സാമൂഹ്യപ്രവത്തകര്‍ രംഗത്തെത്തിയിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിന്
അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി അതിവേഗം പരിഗണിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ദിഖ് കാപ്പന്‍ വിഷയം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sidhique Kappan, jailed journalist in India makes international attention

We use cookies to give you the best possible experience. Learn more